സ്വന്തം ലേഖകന്‍: മോമോ ഗെയിമിനെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കേരളാ പൊലീസ്; കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. ബ്ലൂവെയില്‍ ഗെയിമിന് സമാനമായി കൗമാരക്കാരുടെ ജീവനെടുക്കാന്‍ പോന്ന കൊലയാളി ഗെയിം മൊബൈലില്‍ എത്തി എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരം ഒരു കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, സാഹചര്യം മുതലെടുത്ത് ചില സാമൂഹികവിരുദ്ധര്‍ ആളുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
നിരവധി കൗമാരക്കാരുടെ ജീവനെടുത്ത ബ്ലൂവെയില്‍ പോലെ ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമാണ് മോമോ. അര്‍ജന്റീനയില്‍ ആത്മഹത്യ ചെയ്ത 12 വയസുകാരിയുടെ ഫോണില്‍ മോമോ എന്ന കോണ്‍ടാക്ടില്‍ നിന്നുള്ള സന്ദേങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. ഇതൊരു വന്‍ വാര്‍ത്തയായി പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു ശേഷമാണ് ഇങ്ങനെ ഒരു മോമോ ചലഞ്ചിനെക്കുറിച്ച് ലോകമറിയുന്നത്. ഇത് ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചതോടെ മോമോ എന്ന് അവകാശപ്പെട്ട് നിരവധി ആളുകള്‍ക്കാണ് സന്ദേശം എത്തിക്കൊണ്ടിരിക്കുന്നത്.
വിദേശ നമ്പറുകളില്‍ നിന്ന് വാട്‌സ് ആപ് നമ്പറിലേക്ക് മെസേജ് അയച്ച് ആളുകളെ പരിചയപ്പെടുന്നതില്‍ നിന്നാണ് തുടക്കം. ഭീകരരൂപമുള്ള സ്ത്രീയുടെ വിചിത്രമായ പ്രൊഫൈില്‍ ചിത്രമുള്ള നമ്പറുകളില്‍ നിന്നും സന്ദേശമെത്തും. പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയുമാണ് പതിവ്. ഇത്തരം സ്‌ക്രീന്‍ ഷോട്ടുമായി ചിലര്‍ സമീപിച്ചതോടെയാണ് വിശദീകരണവുമായി കേരളാ പോലീസ് രംഗത്ത് വന്നിരിക്കുന്നത്.
സാഹചര്യം മുതലെടുത്ത് ആരോ കബളിപ്പിക്കാന്‍ ചെയ്യുന്നതാണിതെന്ന് പോലീസ് പറയുന്നു. വിദേശ നമ്പര്‍ ഉപയോഗിച്ച് ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണിത്. അവര്‍ അയച്ചു തരുന്ന ഫോട്ടോ ഓപ്പണ്‍ ചെയ്താലും ഫോണ്‍ ഹാക്ക് ചെയ്യപ്പെടില്ല. ഇത്തരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു. ബ്ലൂവെയിലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴും പലരും ഈ ഗെയിം ഫോണില്‍ സേവ് ചെയ്തിരുന്നു.
ഇത്തരം അപകടം പിടിച്ച ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സൂക്ഷിക്കാതിരിക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്നും അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ സൈബര്‍ സെല്‍ വിഭാഗത്തെ അറിയിക്കണമെന്നും പോലീസ് അറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല