സ്വന്തം ലേഖകൻ: ലിയോനാർഡ് ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മോണാലിസ ചിത്രത്തിലേക്ക് സൂപ്പ് എറിഞ്ഞ് പ്രതിഷേധം. പരിസ്ഥിതി വാദവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് പാരിസിലെ ലൂവ്രെയിലെ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്ന പെയിന്റിങ്ങിലേക്ക് തക്കാളി സൂപ്പ് എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. തക്കാളി സൂപ്പിന്റെ രണ്ട് ക്യാനുകൾ എറിഞ്ഞെങ്കിലും പെയിന്റിങ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ സംരക്ഷിച്ചിരുന്നതിനാൽ ചിത്രം സുരക്ഷിതമാണ്.
പ്രവർത്തകരിലൊരാൾ ജാക്കറ്റ് അഴിച്ചുമാറ്റി, കറുത്ത വലിയ അക്ഷരങ്ങളിൽ എഴുതിയ ‘റിപോസ്റ്റ് അലിമെന്റ്റെയർ’ എന്ന പരിസ്ഥിതി വാദ സംഘടനയുടെ പ്രതിനിധികളാണ് തങ്ങൾ എന്ന് വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളിൽ പ്രതിഷേധം നടത്തുന്ന സംഘടനയാണ് തങ്ങളുടേതെന്ന് ഇവർ അവകാശപ്പെടുന്നു. ‘ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണ’ത്തിനുള്ള അവകാശത്തിനായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ചിത്രങ്ങളിലൊന്നാണ് മോണാലിസ. 1962-ൽ 100 മില്യൻ ഡോളറിന്റെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് മൂല്യനിർണ്ണയത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. 2022 മെയ് മാസത്തിൽ ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ലൂവ്രെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിന് നേരെ കടുക് എറിഞ്ഞതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. ഉടൻ തന്നെ ആക്രമികളെ പിടികൂടി മ്യൂസിയത്തിൽ നിന്നും ഒഴിപ്പിച്ചു. പിന്നീട് ഇവരെ പൊലീസിന് കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല