സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി, ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള വിമാന കമ്പനിയായ മൊനാര്‍ക്ക് എയര്‍ലൈന്‍സിനെയാണ് വിനോദ സഞ്ചാരികള്‍ കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍ കമ്പനി സര്‍വീസ് നിര്‍ത്തിയതോടെ ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി.
അടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ട മൂന്നു ലക്ഷം പേരുടെ ബുക്കിങ് കമ്പനി പിന്‍വലിച്ചു. സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നതായി ട്വിറ്ററിലൂടെയാണ് മൊണാര്‍ക്ക് എയര്‍ലൈന്‍സ് അറിയിച്ചത്. ചെലവിലുണ്ടായ വര്‍ധനയും കമ്പനികള്‍ തമ്മിലുള്ള മത്സരവും കാരണം മൊണാര്‍ക്ക് ഗ്രൂപ്പ് കുറച്ചുകാലമായി നഷ്ടത്തിലായിരുന്നെന്ന് മൊണാര്‍ക്ക് എയര്‍ലൈന്‍ വക്താവ് ബ്ലെയര്‍ നിമ്മോ പറഞ്ഞു. വിദേശത്ത് കഴിയുന്നവരില്‍ രണ്ടാഴ്ചക്കിടെ മടങ്ങുന്നവര്‍ക്കായി 34 വിമാനങ്ങള്‍ ഉപയോഗിച്ച് 700 ഓളം സൗജന്യ സര്‍വിസുകള്‍ നടത്തുമെന്ന് ബ്രിട്ടീഷ് വ്യോമയാന ഏജന്‍സി അറിയിച്ചു.
മൊണാര്‍ക്ക് വിമാനം ബുക്ക് ചെയ്ത് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ തിരിച്ചു കൊണ്ടുവരുന്നതിലൂടെ, സമാധാനകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ബ്രിട്ടന്‍ നടത്തുന്നത്. തിരികെയെത്തിക്കുന്ന വിമാനയാത്രയ്ക്ക് ആളുകളില്‍നിന്ന് പണം ഈടാക്കില്ല. ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ വിമാനക്കമ്പനിയാണ് മൊണാര്‍ക്ക്. ചാര്‍ട്ടേഡും അല്ലാത്തതുമായി വിമാന സര്‍വീസുകള്‍ യൂറോപ്പ് ആകമാനം മൊണാര്‍ക്ക് നടത്തിയിരുന്നു. യൂറോപ്പിലെ പ്രമുഖരായ എയര്‍ ബെര്‍ലിന്‍, അലിറ്റാലിയ തുടങ്ങിയ വിമാന കമ്പനികള്‍ അടച്ചു പൂട്ടിയതിനു പിന്നാലെയാണ് മൊണാര്‍ക്കും പാപ്പരായി വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല