ഡേറ്റിങ് വെബ്സൈറ്റുകള്‍ ഇന്ന ഏറെ പ്രചാരത്തിലുണ്ട്, പലതരം ഓഫറുകളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്. ചില സൈറ്റുകള്‍ പ്രായം കുറഞ്ഞവര്‍ക്ക് വേണ്ടിമാത്രം, ചിലതാകട്ടെ വിവാഹബന്ധം വേര്‍പിരിഞ്ഞത്, ഇനിയും ചിലത് പൊണ്ണത്തടിക്കാര്ക്കുവേണ്ടി.
എന്നാല്‍ ആസ്ത്രേലിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത് ഇതൊന്നുമല്ല. വിവാഹേതര ബന്ധങ്ങള്‍ ഒപ്പിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റാണ് ഇവിടെ പ്രചാരം നേടുന്നത്. ഇവര്‍ നല്കുന്ന ഓഫറാകട്ടെ ആരെയും ആകര്‍ഷിക്കും, ഒരു വിവാഹേതര ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രജിസ്ട്രേഷന് നല്കുന്ന പണം സൈറ്റുകാര്‍ തിരികെ നല്‍കും.
നോള്‍ ബൈഡര്‍മാന്‍ എന്നയാളാണ് ആഷ്ലിമെഡിസണ് ഡോട്ട് കോം എന്ന വെബ്സൈറ്റിന്റെ സ്ഥാപകന്‍. ലൈഫ് ഈസ് ഷോട്ട് ഹാവ് ആന്‍ അഫയര്‍ എന്നതാണ് ഇവരുടെ മുദ്രാവാക്യം. 2001ല്‍ തുടങ്ങിയ ഈ സൈറ്റ് ഇപ്പോഴാണ് മണി ബാക്ക് ഓഫര്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ സൈറ്റില്‍ ആളുകളുടെ തള്ളിക്കയറ്റമാണത്രേ.
ലോകത്തെവിടെയുള്ളവര്‍ക്കും ഇതില്‍ അംഗങ്ങളാകാം. ഇപ്പോള്‍ എണ്‍പതുലക്ഷത്തിലേറെ ആളുകള്‍ ഇതില്‍ അംഗത്വമെടുത്ത് യഥാര്‍ത്ഥ പങ്കാളിയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. പ്രണയബന്ധങ്ങള്‍ വിവാഹബന്ധം പോലെതന്നെയാണെന്നും ഇവയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നുമാണ് നോള്‍ പറയുന്നത്.
ആളുകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു ബന്ധം കിട്ടിയില്ലെന്നാണെങ്കില്‍ പണം തിരികെ നല്കാന് തയ്യാറാണെന്നും നോള്‍ പറയുന്നു. ഇതില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചാണ് പലരും ബന്ധങ്ങള്‍ ഉണ്ടാക്കുന്നത്.
മറ്റുള്ളവര്‍ക്ക് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുണ്ടാക്കാന്‍ അവസരം നല്കുന്ന നോള്‍ വിവാഹിതനാണ്. താങ്കള്‍ക്കും വിവാഹേതര ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഞാന്‍ വിശ്വസ്ഥനാണ്, എന്റെ ഭാര്യയിലും എനിയ്ക്ക് വിശ്വാസമുണ്ട് എന്നാണ് ഇദ്ദേഹം മറുപടി നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല