സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലായി മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. വ്യാപനത്തിന്റെ തോത് കൂടിയ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഗർഭിണികളിലും കുട്ടികളിലും മങ്കിപോക്സ് ഗുരുതരമായേക്കാം എന്നതു സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കുട്ടികളും ഗർഭിണികളുമാണ് അപകട വിഭാഗക്കാർ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രശസ്ത മെഡിക്കൽ ജേണലായ ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്തിലാണ്. ലോസെൻ യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി, സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ആർട്ടിക്കിൾ രചിച്ചത്.
പൂർണ ആരോഗ്യമുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ മങ്കിപോക്സ് ബാധിച്ച കുട്ടികളും ഗർഭിണികളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഭാഗമാണെന്നും ഇവരിൽ സങ്കീർണതകൾ ഉണ്ടായേക്കാമെന്നും ആർട്ടിക്കിളിൽ പറയുന്നു.
നേരത്തേ മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴെല്ലാം കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയതും ആശുപത്രിവാസം വേണ്ടിവന്നതും കുട്ടികളിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗർഭസ്ഥശിശുവിന് ഗുരുതര പ്രശ്നങ്ങൾ, അണുബാധ തുടങ്ങിയ പ്രശ്നങ്ങളാണ് മങ്കിപോക്സ് ബാധിച്ച ഗർഭിണികളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ സങ്കീർണമാകുന്നതിലേക്കും ന്യൂമോണിയ, എൻസഫലൈറ്റിസ് എന്നിവയിലേക്കുമൊക്കെ രോഗം നയിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല