സ്വന്തം ലേഖകൻ: മങ്കിപോക്സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്നും സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ രോഗം കൂടുതലായി കണ്ടെത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന ഇപ്പോൾ. പല രോഗങ്ങളും ലൈംഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്സും അക്കൂട്ടത്തിൽ പെടുന്നതാണ് എന്നും ലോകാരോഗ്യസംഘടനയുടെ സ്ട്രാറ്റജീസ് അഡ‍്വൈസർ ആൻഡീ സിയേൽ വ്യക്തമാക്കി.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗം എന്നതിലുപരി അടുത്തിടപഴകുന്ന അവസരങ്ങളിലൂടെ പകരുന്ന രോഗമാണ് ഇതും എന്നു വ്യക്തമാക്കുകയാണ് ആൻഡീ. പനിയും ജലദോഷവും ഉൾപ്പെടെ പല രോഗങ്ങളും ലൈംഗിക ബന്ധത്തിലൂടെ പകരാനിടയുണ്ട്. എന്നുകരുതി അത് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല. അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗിക ബന്ധം പോലെ അടുത്ത് ഇടപഴകുന്ന അവസരങ്ങളിൽ രോഗം പകരാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലർത്തുന്നവരിൽ രോഗബാധ വേഗത്തിൽ പടരുന്നുവെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ അംഗം ഡോ. ആൻഡ്രിയ അമൺ പറഞ്ഞു.
അതേസമയം കോവിഡ് പോലെ ദ്രുതഗതിയിൽ പരക്കുന്ന അണുബാധയല്ല മങ്കിപോക്സ് എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ജനങ്ങൾ കൂട്ടായി ഈ രോഗത്തെ ചെറുക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല