സ്വന്തം ലേഖകൻ: ലോകത്തെ പല രാജ്യങ്ങളിലും പടർന്നുകൊണ്ടിരിക്കുന്ന മങ്കിപോക്സ് ഇന്ത്യയിലാദ്യമായി കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. കൊല്ലത്തും കണ്ണൂരിലും ഏറ്റവുമൊടുവിൽ തൃശ്ശൂരിലുമാണ് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദ്യത്തെ മങ്കിപോക്സ് രോഗി ഡിസ്ചാർജ് ചെയ്യപ്പെട്ടെന്ന ആശ്വാസ വാർത്ത പുറത്തുവന്നതിനു പിന്നാലെ തൃശൂരിലെ രോഗി മരണപ്പെട്ടെന്ന വാർത്തയും വന്നിരുന്നു.
മങ്കിപോക്‌സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണമായിരുന്നു അത്. യുവാവ് മരിച്ചതിന് പിന്നാലെയാണ് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തുവെച്ച് നടത്തിയ പരിശോധനയില്‍ മങ്കിപോക്‌സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തിൽ മങ്കിപോക്സിനെ സംബന്ധിച്ച് പ്രസക്തമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോ.സുൽഫി നൂഹു. മങ്കിപോക്സിനെ പലരും ലൈംഗികരോഗമായാണ് കാണുന്നതെന്നും അതിനാൽതന്നെ രോഗം മറച്ചുവെക്കാനുള്ള ത്വര ഏറുന്നുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.
മങ്കിപോക്സ് പരിപൂർണമായും ഒരു ലൈംഗികരോഗവുമല്ല എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ലൈംഗികബന്ധത്തിലൂടെ മാത്രം പടരുന്ന രോഗമാണെന്നുള്ള പ്രചരണം കാരണമാണ് പലരും രോഗം റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നത്. പ്രത്യേകിച്ച് ആണും ആണും തമ്മിലുള്ള ലൈംഗികബന്ധത്തിലൂടെയാണ് രോഗം പടരുന്നതെന്ന പ്രചരണമുണ്ടെന്നും എന്നാൽ അടുത്തിടപഴകുന്ന ഏതു രീതിയിലൂടെയും രോഗം പകരാമെന്നതാണ് യാഥാർഥ്യം എന്നും ഡോക്ടർ കുറിക്കുന്നു.
അവൻ കൊല്ലില്ല
അവൻ പരിപൂർണ്ണമായും ഒരു ലൈംഗികരോഗവുമല്ല.
അതെ മങ്കി പോക്സിനെ കുറിച്ചാണ് പറയുന്നത്.
വളരെ വളരെ കുറഞ്ഞ മരണനിരക്കുള്ള ഒരു രോഗമാണ് മങ്കി പോക്സ്.
ചില കണക്കുകൾ പറയുന്നത് അത് വെറും 1% ത്തിനും താഴെ എന്നാണ്.
1% ത്തിന് താഴെ മരണനിരക്കുള്ള ഒരു രോഗത്തെ അങ്ങനെയങ്ങ് ഭയക്കണോയെന്നുള്ളത് വളരെ പ്രസക്തമായ ചോദ്യം!
രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ പരിപൂർണ്ണമായിട്ടും സുഖപ്പെടുന്ന ഈ രോഗം അപൂർവമായി കോംപ്ലിക്കേഷൻസിലേക്ക് പോകാൻ സാധ്യതയുണ്ട്.
ന്യൂമോണിയയും തലച്ചോറിലെ അണുബാധയും സെക്കൻഡറി ഇൻഫെക്ഷനും കാഴ്ച നഷ്ടപ്പെടലും അങ്ങനെ ചില സങ്കീർണതകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത്യപൂർവ്വം.
അതുകൊണ്ടുതന്നെ മങ്കി പോക്സ് കൊല്ലില്ല. അതിനേക്കാൾ അപകടം മങ്കിപോക്സ് രോഗമുണ്ടെന്നുള്ളത് മറച്ചുവയ്ക്കാനുള്ള ഒരു ത്വര കണ്ടുവരുന്നതാണ്. അതൊരു ലൈംഗികബന്ധത്തിലൂടെ മാത്രം പടരുന്ന രോഗമാണെന്നുള്ള പ്രചരണമാണ് കാരണം.
പ്രത്യേകിച്ച് ആണും ആണും തമ്മിൽ മാൻ 2 മാൻ സെക്സ് ഏർപ്പെടുന്നവർക്ക് ഈ രോഗം ഐഡന്റിഫൈ ചെയ്തു എന്നുള്ളത് സത്യമാണ്. എന്നാൽ അതുമാത്രമല്ല കാരണം മാൻ 2 വിമൺ സെക്സിലും അതുണ്ടാകാം. എന്ന് മാത്രമല്ല അടുത്തിടപഴകുന്ന ഏത് രീതിയിലും രോഗം പകരാം.
വലിയ ഡ്രോപ്പ്ലെറ്റുകളിൽ നിന്ന് സ്കിന്നിൽ വരുന്ന തടിപ്പുകളിൽ നിന്നുണ്ടാകുന്ന സ്രവവുമായുള്ള സമ്പർക്കം അങ്ങനെ തുടങ്ങി വളരെ വളരെ അടുത്തിടപഴകുന്ന എന്ത് കാരണത്താലും ഉണ്ടാകാം
വളരെ ക്ലോസ് കോൺടാക്ട് ഉണ്ടാകണമെന്ന് മാത്രം.
ഈ മങ്കി പോക്സിനെ ഒരു സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് മാത്രമായി ചിത്രീകരിക്കുന്നത് രോഗം മറച്ചുവയ്ക്കുവാനും അത് കൂടുതൽ പേർക്ക് പകരുവാനും സാധ്യതയുണ്ടാക്കും.രോഗലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, പനി, ശരീരവേദന, ഗ്രന്ഥി വീക്കം തുടങ്ങിയവ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുകയും ടെസ്റ്റുകൾ ചെയ്യുകയും വേണം എന്നുള്ളത് നിർബന്ധം.
എന്നാലും അവൻ കൊല്ലില്ല. കൊല്ലാനുള്ള സാധ്യത വളരെ വിരളം എന്ന് മാത്രമല്ല ലൈംഗികബന്ധത്തിലൂടെ രോഗം പടരുന്നത് പടരുന്ന രീതികളിൽ ഒന്നുമാത്രം. ഞാൻ മാൻ റ്റു മാൻ സെക്സ് ചെയ്തിട്ടില്ലാത്തതിനാൽ എനിക്ക് വരില്ല എന്നുള്ളത് തെറ്റായ ധാരണയാണ്. എന്നാലും അവൻ കൊല്ലില്ല ഒരു നൂറുവട്ടം.
അവൻ പരിപൂർണ്ണമായും ഒരു ലൈംഗികരോഗം മാത്രവുമല്ല.
അത്രതന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല