സ്വന്തം ലേഖകന്‍: മൂന്നാറില്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച കുരിശ് വന്‍ പ്രതിഷേധത്തിനിടെ ദൗത്യ സംഘം പൊളിച്ചുമാറ്റി, കൈയ്യേറ്റം മൂലം മൂന്നാര്‍ അതി ഗുരുതരാവസ്ഥയിലെന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട്. മൂന്നാര്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലത്ത് സ്ഥാപിച്ചിരുന്ന കുരിശും താത്ക്കാലിക ഷെഡും പൊളിച്ചു മാറ്റിയത്.
ഒരു മത സംഘടനയാണ് ഇവിടെ കുരിശു സ്ഥാപിച്ചത്. എന്നാല്‍ സംഘടനയ്ക്ക് പൊളിക്കും മുമ്പായി ഒഴിയാന്‍ റവന്യൂ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. അത് അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് ജെസിബി ഉപയോഗിച്ച് കുരിശു പൊളിച്ചു മാറ്റിയത്. ആദ്യം കോണ്‍ക്രീറ്റ് ചെയ്തിരുന്ന കുരിശടി അടിച്ചു തകര്‍ത്ത ശേഷം കുരിശു ജെസിബി തള്ളിത്താഴെയിടുകയും ഒടുവില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ ജെസിബി കൊണ്ട് വലിച്ചു മാറ്റുകയുമായിരുന്നു.
വന്‍ പോലീസ് സന്നാഹത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കലിനായി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഇവിടേയ്ക്ക് ദൗത്യസംഘം എത്താതിരിക്കാന്‍ പല തരത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടക്കത്തില്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.
എന്നാല്‍ എന്തു വന്നാലും കയ്യേറ്റം ഒഴിപ്പിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും നിലപാടെടുത്തതോടെ ദൗത്യസംഘം മുന്നോട്ടു പോകുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായിക്ക് കുരിശു തകര്‍ത്തതില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുരിശ് തകര്‍ക്കുന്നതിനു മുമ്പായി സര്‍ക്കാരുമായി ആലോചിച്ചിരുന്നില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി.
അതേസമയം കൈയേറ്റം വ്യാപകമായ മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മൂന്നാര്‍ സന്ദര്‍ശിച്ച് കേന്ദ്രഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി.ആര്‍. ചൗധരി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല