സ്വന്തം ലേഖകന്‍: ചുട്ടു പൊള്ളിയ കേരളത്തെ നനച്ച് കാലവര്‍ഷമെത്തി, ഇനി കുടക്കാലം. കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുളള അനുകൂല സാഹചര്യമാണുളളതെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പലസ്ഥലത്തും മഴ കനത്തു. വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടിങ്ങളില്‍ പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എല്ലായിടത്തും മികച്ച മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. പടിഞ്ഞാറ് നിന്നുള്ള കാറ്റും ശക്തിയോടെ വീശുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 2039.7 മി.മീ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 1352.3 മി.മീ മാത്രം. ഇനിയുള്ള നാലുമാസം 2020 മി.മീ മഴയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
കാലവര്‍ഷം തുടങ്ങിയതോടെ മഴക്കെടുതിയും വ്യാപകമായി. കാറ്റും കടല്‍ക്ഷോഭവും മൂലം പലയിടത്തും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോയില്ല. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇത്തവണ 94% മഴ കിട്ടുമെന്ന പ്രവചനം സംസ്ഥാനത്തിന് ആശ്വാസമാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ 34 ശതമാനം മഴയുടെ കുറവുണ്ടായതായിരുന്നു ഇത്തവണത്തെ കൊടും വരള്‍ച്ചക്കുള്ള കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല