ഫ്‌ളോറിഡ : ഫ്‌ളോറിഡയില്‍ നിന്ന് പിടികൂടിയ ഭീമന്‍ പെരുമ്പാമ്പിന് പതിനേഴ് അടി നീളവും എഴുപത്തിയാറ് കിലോ ഭാരവും. ഈ ഭീമന്‍ ബെര്‍മ്മീസ് പെരുമ്പാമ്പിന്റെ വയറ്റില്‍ എണ്‍പത്തിയേഴ് മുട്ടകളുണ്ടായിരുന്നതായും ഫ്‌ളോറിഡയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഉരഗ വിദഗ്ദ്ധന്‍ കെന്നത്ത് ക്രിസ്‌കോ പറഞ്ഞു. ആദ്യമായാണ് ഫ്‌ളോറിഡയില്‍ നിന്ന് ഇത്രയും വലിപ്പമുളള പെരുമ്പാമ്പിനെ പിടിക്കുന്നത്. വയറ്റിലുണ്ടായിരുന്ന എണ്‍പത്തിയേഴ് മുട്ടകളും റെക്കോര്‍ഡാണ്.
ഫ്‌ളോറിഡയിലെ എവര്‍ഗ്ലേഡ്‌സില്‍ നിന്ന കഴിഞ്ഞ മാര്‍ച്ചിലാണ് ഈ ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി ടാഗ് ചെയ്ത് വിട്ടത്. എവര്‍ഗ്ലേഡ്‌സില്‍ വ്യാപകമാകുന്ന ജീവി വര്‍ഗ്ഗങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഏപ്രിലില്‍ വീണ്ടും പിടികൂടിയ ഈ ഭീമന്‍ പാമ്പിനെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മുട്ടകള്‍ കണ്ടെത്താനായത്. ഇതിനുമുന്‍പ് ഒരു വലിയ പെണ്‍ പെരുമ്പാമ്പിന് എത്ര മുട്ടകള്‍ വരെ അതിന്റെ സ്വഭാവിക ആവാസവ്യവസ്ഥയില്‍ കഴിയുമ്പോള്‍ ഇടാനാകും എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ ഇല്ലായിരുന്നു. ഉയര്‍ന്ന പ്രത്യുല്‍പ്പാദന ശേഷിയുളള ഉരഗവര്‍ഗ്ഗമാണ് ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ എന്ന് മ്യൂസിയത്തിലെ വെല്‍ഡ് ലൈഫ് ബയോളജിസ്റ്റ് സ്‌കിപ്പ് സ്‌നോ പറഞ്ഞു.
തെക്കന്‍ ഏഷ്യയാണ് ബര്‍മ്മീസ് പെരുമ്പാമ്പുകളുടെ ജന്മദേശം. ഒരു കാലത്ത് പെറ്റ്‌ഷോപ്പുകളിലെ താരമായിരുന്നു ഈ ഭീമന്‍ പെരുമ്പാമ്പുകള്‍. എന്നാല്‍ പരിപാലിക്കാനുളള അസൗകര്യം കൂടിയപ്പോള്‍ ചില കടയുടമകള്‍ തന്നെ ഇതിനെ എവര്‍ഗ്ലേഡ്‌സിലെ കാട്ടിലേക്ക് തുറന്ന് വിടുകയായിരുന്നു. ബാക്കിയുണ്ടായിരുന്ന പെരുമ്പാമ്പുകള്‍ 1992ലെ ആന്‍്ഡ്രൂ ഹരിക്കെയ്‌നില്‍ കൂട്ടില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. ഉയര്‍ന്ന പ്രത്യുല്‍പ്പാദന ശേഷിയുളള ഈ പെരുമ്പാമ്പുകള്‍ പിന്നീട് ചൂടും ആര്‍ദ്രതയുമുളള എവര്‍ഗ്ലേഡിലെ കാലാവസ്ഥയില്‍ പെറ്റുപെരുകി രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന നിലയിലേക്ക് വളരുകയായിരുന്നു.
ഫെഡറല്‍ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബര്‍മ്മീസ് പെരുമ്പാമ്പിനെ ഇന്‍വാസീവ് സ്പീഷിസുകളുടെ ഗണത്തില്‍ പെടുത്തിയിരിക്കുകയാണ്. സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുമ്പോഴാണ് ഇത്തരം ജീവികളെ ഇന്‍വാസീവ് ഗണത്തില്‍ പെടുത്തുന്നത്. അമേരിക്കയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വ്വീസ് ഈ വര്‍ഷം മുതല്‍ ബര്‍മ്മീസ് പെരുമ്പാമ്പിനെ അപകടകരമായ ജീവികളുടെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുവാദമില്ലാതെ ഈ ജീവിയെ ഇറക്കുമതി ചെയ്യാനോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോകാനോ പാടില്ല. ഇവ വലിയ മൃഗങ്ങളെ വരെ കഴിക്കുന്നതിനാല്‍ ഫ്‌ളോറിഡയിലെ ആവാസവ്യവസ്ഥ കനത്ത ഭീഷണി നേരിടുകയാണ്. ഈ വര്‍ഷം മാത്രം അന്‍പത് ബര്‍മ്മീസ് പെരുമ്പാമ്പുകളെ എവര്‍ഗ്ലേഡ്‌സ് നാഷണല്‍ പാര്‍ക്ക് മേഖലയില്‍ നിന്ന് പിടികൂടി ഒഴിവാക്കിയിട്ടുണ്ട്.
ഫ്‌ളോറിഡയിലെ പെരുമ്പാമ്പ് ശല്യം ഒഴിവാക്കാനായി അവയെ വേട്ടയാടാനുളള അനുമതി അധികൃതര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍പോലും അവയുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താന്‍ കഴിഞ്ഞിട്ടില്ല. 2000 -2011 കാലഘട്ടത്തില്‍ എവര്‍ഗ്ലേഡ്‌സ് മേഖലയില്‍ മാത്രം 1,825 ബര്‍മ്മീസ് പെരുമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയെ പിടികൂടുന്നത് വളരെ ശ്രമകരവും ഇല്ലാതാക്കുന്നത് അസാധ്യവുമാണന്ന് മ്യൂസിയത്തിലെ മറ്റൊരു ബയോളജിസ്റ്റായ റോബ് റോബിന്‍സ് പറഞ്ഞു. നിലവില്‍ പിടികൂടിയതിനേക്കാള്‍ പല ഇരട്ടി വലിപ്പമുളള പെരുമ്പാമ്പുകള്‍ എവര്‍ഗ്ലേഡ്‌സിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല