1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2018

സ്വന്തം ലേഖകന്‍: കൊറിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പ്യോംഗ്യാംഗില്‍ എത്തി. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായി അദ്ദേഹം ത്രിദിന കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് കൂടിക്കാഴ്ച നടത്താന്‍ പോകുന്നത്.
ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും യോഗത്തില്‍ ചര്‍ച്ച ചെയ്യും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിമ്മും തമ്മില്‍ സിംഗപ്പുരില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കൊറിയന്‍ മുനമ്പില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനു തുടക്കമായത്.

യുഎസ്സും ഉത്തരകൊറിയയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ അയവ് വരുത്തണമെന്ന താല്‍പര്യം ദക്ഷിണ കൊറിയയ്ക്കുണ്ട്. ഉത്തര കൊറിയയുടെ ആണവപദ്ധതികളുമായി ബന്ധപ്പെട്ടാണ് യുഎസ് പരാതികളുയര്‍!ത്തുന്നത്. ഇക്കാര്യങ്ങളായിരിക്കും ദക്ഷിണ കൊറിയന്‍ പ്രസിഡണ്ടിന്റെ അജണ്ടയില്‍ മുന്നില്‍.

ഇതോടൊപ്പം, കഴിഞ്ഞ ഉച്ചകോടിയില്‍ ഇരുവരും ചേര്‍ന്ന് പ്രഖ്യാപിച്ച, അരനൂറ്റാണ്ടായി ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക എന്നതും ചര്‍ച്ചയില്‍ വരും. 1950ലാണ് ഈ യുദ്ധം തുടങ്ങിയത്. 53ല്‍ യുദ്ധത്തിന് അവസാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. കിം ഭാര്യ റി സോള്‍ ജൂയുമൊത്താണ് വിമാനത്താവളത്തിലെത്തിയത്. മൂണിന്റെ ഭാര്യയും എത്തിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.