സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ ചന്ദ്രോദയം, പുതിയ പ്രസിഡന്റായി മൂണ്‍ ജേ ഇന്‍ അധികാരത്തിലേക്ക്. ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയയുടെ നേതാവായ മൂണ്‍ ജേ ഇന്‍ 2012 ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥി പാര്‍ക്ക് ഗ്യുന്‍ ഹയിയോടു തോറ്റതിനു ശേഷം നടത്തുന്ന ശക്തമായ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു അനുകൂല ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മൂണ്‍ ജെ ഇന്‍ വന്‍ വിജയം സ്വന്തമാക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ നേരത്തേ പ്രവച്ചിരുന്നു.
മൂണിന്റെ എതിരാളികളായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ (ലിബര്‍ട്ടി കൊറിയ പാര്‍ട്ടി) ജൂണ്‍ പ്യൂവിനും ആന്‍ ഷിയോല്‍ സൂവിനും മൂണ്‍ തരംഗത്തില്‍ അടിതെറ്റി. അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ക് ജ്യൂ ഹെ ഇംപീച്ച്മന്റെിലൂടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സമീപകാലത്തെ ഏറ്റവും വലിയ പോളിങ്ങാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്, 63.7 ശതമാനം. വോട്ടെടുപ്പിനായി പതിനാലായിരത്തോളം പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചത്. രാവിലെ ആറിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് എട്ടിന് അവസാനിച്ചു.
പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നതു നിരവധി വെല്ലുവിളികളാണ്. ഉത്തര കൊറിയയുമായുള്ള ബന്ധത്തെ നിര്‍വചിക്കലായിരിക്കും ഇവയില്‍ പ്രധാനം. ഉത്തര കൊറിയയോട് മൃദു സമീപനം പുലര്‍ത്തുന്ന ആളായാണ് മൂണ്‍ അറിയപ്പെടുന്നത്. മുന്‍ പ്രസിഡന്റുമാരായ പാര്‍ക്ക് ഗ്യുന്‍ ഹയിയും, ലീ മ്യുങ് ബാകും ഉത്തര കൊറിയയോടു പുലര്‍ത്തിയിരുന്ന കര്‍ക്കശ നിലപാടിനെ മൂണ്‍ വിമര്‍ശിച്ചിരുന്നു. ഉത്തര കൊറിയയും മൂണിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു.
സമീപകാലത്ത് ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ മൂണ്‍ തയാറെടുക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍, ഉത്തര കൊറിയ മൂണിന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിക്കുന്ന സമീപനമാണു കൈക്കൊണ്ടത് എന്നതും ശ്രദ്ധേയമാണ്. അധികാരം നല്‍കിയാല്‍ രാജ്യത്ത് അഴിഞ്ഞാടുന്ന വന്‍കിട ബിസിനസ് ഗ്രൂപ്പുകളെയും അവരോടൊപ്പം അഴിമതി നടത്തുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ സഖ്യത്തേയും വാഷിംഗ് മെഷീനുകളിലിടുമെന്ന് പ്രചാരണ സമയത്ത് പറഞ്ഞ മൂണിന്റെ പരിഷ്‌ക്കരണ നടപടിക്കായി ആകാംക്ഷയോടെ കാത്തിരിപ്പാണ് ദക്ഷിണ കൊറിയക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല