സ്വന്തം ലേഖകൻ: വിക്രം ലാന്‍ഡറില്‍നിന്ന് റോവര്‍ പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിൽ ഇങ്ങിയതോടെ ഇന്ത്യയുടെ മായാമുദ്ര ചന്ദ്രനിൽ പതിഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍-3 പേടകമിറങ്ങിയതിന് ഏതാനും മണിക്കൂറുകൾക്കും ശേഷം, അര്‍ധരാത്രി ഒരു മണിയോടുകൂടിയാണ് ലാന്‍ഡറില്‍നിന്ന് റാംപിലൂടെ റോവര്‍ പുറത്തിറങ്ങിയത്.
വിക്രം ലാന്‍ഡര്‍ നിലം തൊട്ടതിനേത്തുടർന്നുള്ള പൊടിപടലങ്ങള്‍ അടങ്ങിയശേഷമാണ് റോവര്‍ ലാൻഡറിൽനിന്ന് പുറത്തെത്തിയത്. പൊടി അടങ്ങുന്നതിനുമുന്പ് റോവര്‍ പുറത്തിറക്കിയാല്‍ അത് വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാൻ റോവറിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാമറ അടക്കമുള്ള ഉപകരണങ്ങളെ താറുമാറാക്കും എന്നതിനാലാണ് ശാസ്ത്രജ്ഞര്‍ റോവര്‍ പുറത്തിറക്കുന്നത് വൈകിപ്പിച്ചത്.
റോവര്‍ ചിലപ്പോള്‍ ഒരു ദിവസത്തിനു ശേഷമേ പുറത്തിറക്കാന്‍ സാധിക്കൂ എന്ന് പേടകം ചന്ദ്രോപരിതലം തൊട്ടതിനു പിന്നാലെ ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്. സോമനാഥ് പറഞ്ഞിരുന്നു. എന്നാല്‍, അതിനു മുന്നേതന്നെ ഇറക്കാനായി. 14 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠന- പരീക്ഷണ ദിനങ്ങളാണ് ഇനിയുള്ളത്. ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യമടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ റോവര്‍ വഴി അറിയാനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ കാര്യം വ്യാഴാഴ്ച പുലർച്ചെ ഐഎസ്ആർഒ സ്ഥിരീകരിച്ചു. ‘ചന്ദ്രയാന്‍ 3 റോവര്‍: ചന്ദ്രനുവേണ്ടി ഇന്ത്യയില്‍ നിര്‍മിച്ചത്. സിഎച്ച-3 റോവര്‍ ലാന്‍ഡറില്‍നിന്ന് ചന്ദ്രനിലേക്കിറങ്ങിയിരിക്കുന്നു. ഇന്ത്യ ചന്ദ്രനില്‍ നടന്നു തുടങ്ങിയിരിക്കുന്നു’, എന്നായിരുന്നു ഐഎസ്ആർഒ എക്സിൽ കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല