സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യനിര്‍മിത പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ഓഡീസിയസ് എന്ന് വിളിക്കുന്ന ഇന്റൂയിറ്റീവ് മെഷീന്‍സ് നിര്‍മിച്ച നോവ-സി ലാന്ററാണ് ചന്ദ്രനിലിറങ്ങിയത്. 50 വര്‍ഷക്കാലത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ നിര്‍മിത പേടകം കൂടിയാണിത്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.53 നാണ് പേടകം ചന്ദ്രനില്‍ ഇറങ്ങിയത്. അവസാനഘട്ടത്തില്‍ പേടകത്തിലെ ലേസര്‍ ഉപകരണങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും പേടകം അത് മറികടന്നു. 1972 ല്‍ അപ്പോളോ 17 പേടകമാണ് ഏറ്റവും ഒടുവില്‍ ചന്ദ്രനില്‍ ഇറങ്ങിയ അമേരിക്കന്‍ പേടകം. പേടകം ഇറങ്ങുന്നതിന്റെ അവസാന നിമിഷങ്ങളില്‍ കണ്‍ട്രോള്‍ സെന്ററും പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പേടകം ഇറങ്ങിയ വിവരം സ്ഥിരീകരിച്ചത്.
ഫെബ്രുവരി 15 നാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടി ഉയരമുള്ള ലാന്റര്‍ ആറ് ദിവസം കൊണ്ട് 997793.28 കിമീ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തിയത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലയക്കാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ട്ടെമിസ് ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ വിവര ശേഖരണം നടത്തുകയാണ് ഒഡീസിയസ് ദൗത്യത്തിന്റെ ലക്ഷ്യം. നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് (സിഎല്‍പിഎസ്) പരിപാടിയുടെ ഭാഗമായാണ് ഇന്റൂയിറ്റീവ് മെഷീന്‍സ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്.
പേടകം ചന്ദ്രനെ ചുറ്റുന്ന ഭ്രമണ പഥത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഇറങ്ങുന്ന സമയത്തിലും പല തവണ മാറ്റം വരുത്തിയിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തള്ള മലാപെര്‍ട്ട് എ എന്ന ഗര്‍ത്തമേഖലയില്‍ ഇറങ്ങാനാണ് പേടകം ലക്ഷ്യമിട്ടത്. വെളിച്ചക്കുറവുള്ള ഈ മേഖലയില്‍ ജല ഐസിന്റെ സാന്നിധ്യം ഉണ്ടെന്നാണ് അനുമാനം. നാസയുടെയും മറ്റ് സ്ഥാപനങ്ങളുടെയും ശാസ്ത്ര ഉപകരണങ്ങള്‍ ഒഡീസിയസിലുണ്ട്. ഒരാഴ്ചയോളം പേടകം ചന്ദ്രനില്‍ തുടരും.
ശാസ്ത്ര ഉപകരണങ്ങള്‍ക്കൊപ്പം അമേരിക്കന്‍ ശില്‍പിയായ ജെഫ് കൂന്‍സ് നിര്‍മിച്ച ചെറു ശില്‍പങ്ങളും പേടകം ചന്ദ്രനിലെത്തിച്ചിട്ടുണ്ട്. 1971 ലെ അപ്പോളോ 15 ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരിയായ ഡേവിഡ് സ്‌കോട്ട് ചന്ദ്രനില്‍ സ്ഥാപിച്ച പോള്‍ വാന്‍ ഹോയ്‌ഡോങ്കിന്റെ ‘ഫാളന്‍ ആസ്ട്രനോട്ട്’ എന്ന ശില്‍പത്തിന് ശേഷം ചന്ദ്രനിലെത്തുന്ന ആദ്യ ശില്‍പമാണ് ജെഫ് കൂൺസ് നിര്‍മിച്ച ‘മൂണ്‍ ഫേസസ്’ എന്ന ശില്‍പം.
ഭൂമിയില്‍ നിന്ന് കാണുന്ന ചന്ദ്രന്റെ 62 ഓളം ചന്ദ്രക്കലാ രൂപങ്ങളും ബഹിരാകാശത്ത് നിന്ന് കാണുന്ന 62 ചന്ദ്രക്കലാ രൂപങ്ങളും ഉള്‍പ്പടെ 125 കുഞ്ഞന്‍ ചാന്ദ്ര ശില്‍പങ്ങള്‍ സുതാര്യമായ ചതുരത്തിലുള്ള ഒരു കണ്ണാടിക്കൂടിലാക്കിയാണ് ചന്ദ്രനിലെത്തിച്ചത്.
അരിസ്റ്റോട്ടില്‍, ഡേവിഡ് ബോവി, ലിയോനാര്‍ഡോ ഡാവിഞ്ചി, മഹാത്മാ ഗാന്ധി, ബില്ലി ഹോളിഡേ, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, ആന്‍ഡി വാര്‍ഹോള്‍, വിര്‍ജീനിയ വൂള്‍ഫ്, മദര്‍ തെരേസ, ബോക്‌സര്‍ മുഹമ്മദ് അലി, സ്റ്റീഫന്‍ ഹോക്കിങ്, സ്വാമി വിവേകാനന്ദന്‍, ഗൗതമ ബുദ്ധന്‍, ശ്രീകൃഷ്ണന്‍, യേശു തുടങ്ങി മനുഷ്യചരിത്രത്തിലെ പ്രധാന വ്യക്തിത്വങ്ങളുടെ പേരുകള്‍ ഓരോ ശില്‍പത്തിലും ആലേഖനം ചെയ്തിട്ടുണ്ട്.
ജിജ്ഞാസയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ ചന്ദ്രനില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ശില്പം നിര്‍മിച്ചതെന്ന് കൂണ്‍സ് പറയുന്നു. എന്നാല്‍ കൂണ്‍സിന്റെ ഈ ശില്‍പ്പത്തിലും വലിയൊരു വാണിജ്യ താല്‍പര്യമുണ്ട്. ചന്ദ്രനിലെത്തിച്ച ഓരോ ശില്‍പത്തിന്റെയും എന്‍എഫ്ടികള്‍ കൂണ്‍സിന്റെ ഗാലറിയായ പേസിന്റെ എന്‍എഫ്ടി വിഭാഗം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ചന്ദ്രനില്‍ അയച്ച ശില്‍പത്തിന്റെ വലിയൊരു രൂപവും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല