സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ യോഗ്യതയും തൊഴിൽ പ്രാവീണ്യവും ഉറപ്പുവരുത്തുന്ന പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കിയതായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും അതാതു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സൗദിയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി.
സൗദിയിലേക്കു തൊഴിലാളികളെ അയക്കുന്ന 160 രാജ്യങ്ങളിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നതായും വ്യക്തമാക്കി. 1007 തസ്തികകളാണ് പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ 1315 തസ്തികകളിലേക്കു കൂടി വ്യാപിപ്പിക്കും. മെഡിക്കൽ, എൻജിനീയറിങ്, നിർമാണം, ഐടി തുടങ്ങി പ്രമുഖ മേഖലകളിലെ 1 മുതൽ 3 വരെയുള്ള വിഭാഗങ്ങളിലെ വിദഗ്ധ തൊഴിലുകൾക്ക് വെരിഫിക്കേഷൻ നിർബന്ധമാണ്. ആദ്യഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങളിൽ നടപ്പാക്കിയ പദ്ധതി ശേഷിച്ച രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു.
സൗദിയിൽ ജോലി തേടുന്നവർ പ്രഫഷനൽ വെരിഫിക്കേഷൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷം എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ എന്നിവയ്ക്കായി ബുക്ക് ചെയ്യണം. അംഗീകൃത കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. ഇതിൽ വിജയിക്കുന്നവർക്ക് 5 വർഷ കാലാവധിയുള്ള പ്രഫഷനൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യൂ. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവരെ രണ്ടാം ഘട്ടത്തിൽ പരീക്ഷയ്ക്കു വിധേയമാക്കും.
പരീക്ഷയിൽ വിജയിക്കുന്നവർക്കു മാത്രമേ വീസ പുതുക്കാനാവൂ എന്നാണ് നിയമം. സൗദിയെ പോലെ മറ്റു രാജ്യങ്ങളും വൈദഗ്ധ്യമുള്ളവർക്കു മാത്രം അവസരമെന്ന നിലപാട് സ്വീകരിച്ചാൽ പതിനായിരക്കണക്കിന് ആളുകളുടെ നിലനിൽപിനെ ബാധിക്കും. അതിനു മുൻപ് ഏതെങ്കിലുമൊരു വിഭാഗത്തിൽ വിദഗ്ധരാവുക മാത്രമാണ് പോംവഴിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല