1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2017

സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളില്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവരില്‍ ഇന്ത്യക്കാര്‍ക്ക് ഒന്നാം സ്ഥാനം. വിദേശ രാജ്യങ്ങളിലേക്ക് സ്ഥിരമായി കൂടുമാറുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. വിദേശ പൗരത്വം നേടാനാണ് ഇന്ത്യക്കാരായ പ്രവാസികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൗരത്വ വാതിലുകള്‍ കൊട്ടിയടച്ച ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അതിനു സാധ്യതയുള്ള രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള പ്രവണത ഗള്‍ഫ് പ്രവാസികളിലും കൂടിവരികയാണ്.

യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്ക, കാനഡ, ന്യൂസലാന്‍ഡ്, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങി 35 അംഗ രാഷ്ട്രങ്ങളുള്ള ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ്) രാജ്യങ്ങളിലെ പൗരത്വം നേടുന്നവരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്.
2015 ല്‍ 1,30,000 ഇന്ത്യക്കാരാണ് ഈ രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചതെന്ന് ഒഇസിഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യ ഒന്നാംസ്ഥാനത്തുനില്‍ക്കുമ്പോള്‍ മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, മൊറോക്കോ, ചൈന എന്നീ രാജ്യങ്ങളാണ് പിറകിലുള്ളത്.

2015 ലെ കണക്ക് പ്രകാരം 2,68,000 ഇന്ത്യക്കാരാണ് ഒഇസിഡി രാജ്യങ്ങളിലുള്ളത്. ഈ രാജ്യങ്ങളിലേക്കുള്ള മൊത്തം കുടിയേറ്റത്തിന്റെ നാല് ശതമാനമാണിത്. 2014 ല്‍ 2,85,000 ഇന്ത്യക്കാരുണ്ടായിരുന്നപ്പോള്‍ ഇന്ത്യയുടെ സ്ഥാനം നാലാമതായിരുന്നു. സിറിയന്‍ അഭയാര്‍ഥികളായിരുന്നു ആ വര്‍ഷം രണ്ടാം സ്ഥാനത്ത്. ഉപരിപഠനത്തിനായി ഒഇസിഡി രാജ്യങ്ങളില്‍ എത്തിയവരുടെ കണക്ക് നോക്കിയാല്‍ ഇന്ത്യ ചൈനക്ക് പിറകിലാണ്. ആറു ലക്ഷത്തോളം ചൈനീസ് വിദ്യാര്‍ഥികള്‍ ഈ രാഷ്ട്രങ്ങളില്‍ പഠിക്കുന്നു.

1,89, 000 ആണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം. ജര്‍മനി, സൗദി അറേബ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. അമേരിക്കയാണ് പഠനത്തിനായി കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്ന രാജ്യം. യു.കെയെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് അമേരിക്കയിലുള്ള വിദേശ വിദ്യാര്‍ഥികളുടെ എണ്ണം. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഇന്ത്യക്കാരാണിപ്പോള്‍ ഏറ്റവും വലിയ കുടിയേറ്റ സമൂഹം. കനഡയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അമേരിക്ക, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.