1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2024

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമവുമായി ഒമാന്‍ ഭരണകൂടം. സ്വകാര്യമേഖലയില്‍ ഒമാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായി, 30 പുതിയ തൊഴില്‍ മേഖലകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനവുമായാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഈ മേഖലകളില്‍ നിന്ന് പ്രവാസികള്‍ പുറത്താവും.

ഇതുള്‍പ്പെടെ ഒമാനികളെ അവര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്താന്‍ പ്രാപ്തമാക്കുന്ന വിധത്തില്‍ തൊഴില്‍ വിപണിയെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളുടെ ഒരു പരമ്പര തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍, സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പില്‍ വരുത്തേണ്ട തൊഴില്‍ മേഖലകള്‍ ഏതൊക്കെയാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വരുന്ന സെപ്റ്റംബര്‍ മുതലാണ് ഈ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരികയെന്നും അതിനു മുമ്പായി ഇവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സംസ്ഥാനത്തെ ഭരണ സംവിധാനങ്ങളും സര്‍ക്കാര്‍ കമ്പനികളും സഹകരിക്കരുതെന്നതാണ് മന്ത്രാലയം പുറപ്പെടുവിച്ച മറ്റൊരു തീരുമാനം.

എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒമാനൈസേഷന്‍ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രാലയത്തില്‍ നിന്ന് നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ടൂറിസ്റ്റ് വീസക്കാർക്ക് ആരോഗ്യ ഇൻഷുറൻസും

വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും തൊഴിലുകളില്‍ കുറഞ്ഞത് ഒരു ഒമാനിയെയെങ്കിലും നിയമിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണ നിരക്കുകള്‍ ഉയര്‍ത്തുന്നതിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തയ്യാറാക്കാനും മന്ത്രാലയം തീരുമാനിച്ചു. ഒമാനൈസേഷന്‍ നിരക്കുകള്‍ നല്ല രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും അനുസരിക്കാത്ത സ്ഥാപനങ്ങളുടെ ഫീസ് ഇരട്ടിയാക്കുകയും ചെയ്യുന്ന രീതിയില്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ മാറ്റം വരുത്തും.

സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് തുടര്‍നടപടികളും റെയ്ഡുകളും ശക്തമാക്കും. പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കാന്‍ മന്ത്രാലയം എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളില്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തീരുമാനം. പുതിയ തീരുമാനം നടപ്പില്‍ വരുന്നതോടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് വരാനിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.