സ്വന്തം ലേഖകന്‍: യുകെയിലെ കടല്‍ത്തീരത്ത് നിഗൂഡ മൂടല്‍മഞ്ഞ്, ശ്വാസതടസ്സവും ഛര്‍ദ്ദിയുമായി നൂറുകണക്കിനു പേര്‍ ആശുപത്രിയില്‍. ഈസ്റ്റ് സസെക്‌സിലെ ബര്‍ലിങ് ഗ്യാപ് ബീച്ചില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കടലില്‍ നിന്നു തീരത്തേക്കു വീശിയ കാറ്റിനൊപ്പം എത്തിയ നിഗൂഢ മൂടല്‍മഞ്ഞാണ് ശ്വാസതടസ്സത്തിനു കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശ്വാസതടസ്സവും കണ്ണെരിച്ചിലും പോലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു.
130 പേരെങ്കിലും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. അവധി ദിവസമായതിനാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി സന്ദര്‍ശകര്‍ ബീച്ചില്‍ ഉണ്ടായിരുന്നു. ‘മൂടല്‍മഞ്ഞ്’ രൂക്ഷമായതിനെത്തുടര്‍ന്ന് പത്തു മിനിറ്റിനകം കടല്‍ത്തീരം ഒഴിപ്പിച്ചു. പരിസരവാസികളോട് വാതിലുകളും ജനാലകളും അടച്ചിട്ട് താത്കാലികമായി ഒഴിഞ്ഞു പോകാനും അധികൃതര്‍ ആവശ്യപ്പെട്ടു. ബീച്ചിലേക്ക് പോകരുതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ നിര്‍ദേശവും നല്‍കി.
മൂടല്‍മഞ്ഞിന് ക്ലോറിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ശ്വാസതടസ്സം നേരിട്ടവര്‍ പറയുന്നു. കിഴക്ക് ഹാസ്റ്റിങ്‌സ് ഭാഗത്തേക്ക് ‘മഞ്ഞ്’ നീങ്ങുന്നതായും പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നാണ് കടല്‍കടന്ന് ‘മൂടല്‍മഞ്ഞ്’ എത്തുന്നതെന്നാണ് നിഗമനം. നേരത്തേ ഇരുനൂറിലേറെ പേരെ ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ഏതെങ്കിലും ജലശുദ്ധീകരണശാലയില്‍ നിന്ന് വാതകം ചോര്‍ന്നതാകാം എന്നാണ് അധികൃതരുടെ നിഗമനം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല