സ്വന്തം ലേഖകൻ: പുതുവർഷംതുടങ്ങി രണ്ടുമാസം പൂർത്തിയാകും മുമ്പ് ടെക്നോളജിരംഗത്ത് ആഗോളതലത്തിൽ ജോലിനഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്. ഫെബ്രുവരി 10 വരെ 332 കമ്പനികൾ ചേർന്ന് 1,00,746 പേരെ പിരിച്ചുവിട്ടതായാണ് കണക്കുകൾ. ദിവസവും ശരാശരി 2,457 പേർക്ക് ജോലി നഷ്ടമാകുന്നു.
ഇന്റർനെറ്റ് സെർച്ച് കമ്പനിയായ യാഹൂ ആണ് പട്ടികയിൽ അവസാനമായെത്തിയത്. കമ്പനിയുടെ മൊത്തംജീവനക്കാരുടെ 20 ശതമാനം വരുന്ന 1600 പേരെ ഒഴിവാക്കാനാണ് യാഹുവിന്റെ തീരുമാനം. കമ്പനിയുടെ പരസ്യ സാങ്കേതികവിദ്യാ ബിസിനസുമായി ബന്ധപ്പെട്ടവരാണ് കൂടുതലും. യാഹൂ സി.ഇ.ഒ. ജിം ലാൻസൺ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ ആയിരത്തോളം പേർക്ക് വെള്ളിയാഴ്ച പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. അടുത്ത ആറുമാസംകൊണ്ട് ബാക്കി 600 പേരെ ഒഴിവാക്കും.
മൈക്രോസോഫ്റ്റിന്റെ ഓപ്പൺ സോഴ്സ് ഡെവലപ്പർ പ്ലാറ്റ്ഫോമായ ജിറ്റ് ഹബ് പത്തുശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 3000 ജീവനക്കാരുള്ള കമ്പനിയിൽ മുന്നൂറോളംപേർക്ക് ജോലിനഷ്ടമാകും. കമ്പനിയുടെ ഓഫീസുകളെല്ലാം ഒഴിവാക്കുമെന്നും റിമോട്ട് രീതിയിലാകും ഭാവിയിലെ പ്രവർത്തനങ്ങളെന്നും സി.ഇ.ഒ. തോമസ് ദോംകെ ജീവനക്കാർക്കയച്ച കത്തിൽ പറയുന്നു.
ഓൺലൈൻ മീറ്റിങ് സംരംഭമായ സൂം 1300 പേരെയാണ് പിരിച്ചുവിടുന്നത്. ഗോഡാഡിയും ഇ- കൊമേഴ്സ് കമ്പനിയായ ഇ- ബേയും 500 പേരെ വീതം പിരിച്ചുവിടും. ബെംഗളൂരുവിൽനിന്നുള്ള ക്രിപ്റ്റോ സ്റ്റാർട്ടപ്പായ വി ട്രേഡ് മുഴുവൻ ജീവനക്കാരെയും ഒഴിവാക്കി പ്രവർത്തനം അവസാനിപ്പിച്ചു. എജ്യുക്കേഷൻ കമ്പനിയായ ബൈജൂസ് 1500 പേരെ പിരിച്ചുവിടുന്നതായാണ് റിപ്പോർട്ട്.
ചൈനീസ് ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക് ഇന്ത്യയിൽനിന്നുള്ള എല്ലാ ജവനക്കാരെയും പിരിച്ചുവിടുകയാണ്. ഇന്ത്യയിലെ പ്രവർത്തനവും അവസാനിപ്പിക്കും. 40 പേരാണ് ഇന്ത്യൻ വിഭാഗത്തിൽ തുടർന്നിരുന്നത്. ഇവർക്ക് നഷ്ടപരിഹാരമെന്ന നിലയിൽ ഒമ്പതുമാസത്തെ ശമ്പളം നൽകും. ഫെബ്രുവരി 28 ഇവരുടെ അവസാന തൊഴിൽദിനമായിരിക്കുമെന്നും കമ്പനി ജീവനക്കാരെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല