സ്വന്തം ലേഖകന്‍: 2014 ന് ശേഷം യുഎസില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. . യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജൂലൈ വരെ രാഷ്ട്രീയ അഭയം തേടി അപേക്ഷ നല്‍കിയ ഇന്ത്യക്കാരുടെ എണ്ണം 20235 വരും. 2018ല്‍ ജൂലൈ വരെയുള്ള സമയങ്ങളില്‍ രാഷ്ട്രീയ അഭയം തേടിയത് 7,214 ഇന്ത്യക്കാരാണെന്ന് ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പറയുന്നു.
ഇതില്‍ 296 പേര്‍ സ്ത്രീകളാണ്. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചാബില്‍ നിന്നുള്ള ഇന്ത്യക്കാരുടെ സംഘടനയായ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന് (എന്‍.എ.പി.എ) ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റാണ് വിവരങ്ങള്‍ കൈമാറിയത്. വിവരങ്ങള്‍ പ്രകാരം 2014 ല്‍ 2,306 ഇന്ത്യക്കാരും 2015 ല്‍ 96 സ്ത്രീകള്‍ ഉള്‍പ്പെടെ 2,971 ഇന്ത്യക്കാരുമാണ് രാഷ്ട്രീയ അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്.
2016 ആയപ്പോഴേക്കും ഇക്കാര്യത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 123 സ്ത്രീകള്‍ ഉള്‍പ്പെടെ 4088 ഇന്ത്യക്കാരാണ് ഈ ആവശ്യവുമായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചത്. 2017 ല്‍ ഇക്കാര്യത്തില്‍ നേരിയ കുറവ് വന്നെങ്കിലും അപേക്ഷ നല്‍കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 187 സ്ത്രീകള്‍ ഉള്‍പ്പെടെ 3656 ഇന്ത്യക്കാര്‍ 2017 ല്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി രാഷ്ട്രീയ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവെന്നും ഇത് ആശങ്കാജനകമാണെന്നും എന്‍.എ.പി.എ അധ്യക്ഷന്‍ സത്‌നാം സിങ് ചാചല്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല