സ്വന്തം ലേഖകന്‍: യുഎഇയില്‍ കാമുകനെ കൊന്ന് ബിരിയാണി വച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രവാസി യുവതി. ജെബല്‍ ഹഫീത്തിലേക്ക് ഉല്ലാസ യാത്ര പോകണമെന്ന കാമുകന്റെ ആവശ്യത്തിന് തടസം നിന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് യുവതി കോടതിയില്‍ വെളിപ്പെടുത്തിയത്. പുതിയ ഫ്‌ലാറ്റിലേക്ക് മാറാനുള്ള ഒരുക്കത്തിനിടയില്‍ ആയിരുന്നതിനാല്‍ ഉല്ലാസയാത്രയ്ക്ക് പിന്നീട് പോകാമെന്ന യുവതി പറഞ്ഞതോടെ കാമുകന്‍ പ്രകോപിതനാവുകയായിരുന്നു. യുവതിയുടെ കരണത്ത് ഇടിക്കുകയും മുഖം സമീപത്തെ മേശയില്‍ ഇടിപ്പിക്കുകയും ചെയ്തതോടെയാണ് പ്രാണരക്ഷാര്‍ത്ഥം യുവാവിനെ മേശപ്പുറത്തിലുന്ന കത്തിയെടുത്ത് കുത്തിയത്.
മുടിയില്‍ പിടിച്ച് വലിച്ച കാമുകന്‍ ക്രൂരമായി ആക്രമിക്കുന്നതിനിടെയായിരുന്നു താന്‍ ആക്രമിച്ചതെന്ന് യുവതി വ്യക്തമാക്കി. എന്നാല്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെടുമെന്ന് കരുതിയതേയില്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച് യുവാവ് നിലത്ത് വീണതോടെ പകച്ചു പോയതാണ് പിന്നീട് നടന്ന സംഭവങ്ങളിലേക്ക് നയിച്ചത്. കാമുകനൊപ്പം സുഹൃത്തുക്കളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് യുവതിയും കാമുകനും യുവതിയുടെ താമസ സ്ഥലത്തേക്ക് പോയത്. ഇതിന് തെളിവായി ഇരുവരും ഒന്നിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.
നവംബര്‍ 3 ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു യുവാവ് ആക്രമിച്ചതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഉല്ലാസയാത്രയ്ക്ക് പിന്നീട് പോകാമെന്നും ഇപ്പോള്‍ അലമാര പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ കാമുകന്റെ സഹായം വേണമെന്നുമുള്ള ആവശ്യത്തിന് പിന്നാലെ കാമുകന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇരുവും പ്രണയത്തിലായിരുന്നുവെന്നും യുവതി കോടതിയില്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നത്. മൊറോക്കോ പൗരയായ യുവതി സ്വന്തം നാട്ടുകാരനായ യുവാവിനെ തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി ബിരിയാണി വച്ചുവെന്നായിരുന്നു ആരോപണം. ഏഴുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള യുവാവിന്റെ തീരുമാനമായിരുന്നു യുവതിയെ പ്രകോപിപ്പിച്ചത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല