സ്വന്തം ലേഖകന്‍: മൊറോക്കോയില്‍ വിദേശ വിനോദസഞ്ചാരികളെ തലയറുത്ത് കൊന്ന സംഭവത്തിന് പ്രചോദനം ഇസ്ലാമിക് സ്റ്റേറ്റിന്റെ ശൈലി; 19 യുവാക്കള്‍ അറസ്റ്റില്‍. രാജ്യത്ത് ഭീകരാന്തരീക്ഷം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ വിദേശ വിനോദസഞ്ചാരികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഡെന്മാര്ക്കില്നിന്നുള്ള ലൂയിസ വെസ്റ്റെറാഗെര്‍(24), നോര്‍വെയില്‍നിന്നുള്ള മാറെന്‍ ഉയെലാന്ഡ്(28) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ 19 പേരെ അറസ്റ്റ് ചെയ്തു.
ഐഎസ് ആക്രമണ ശൈലിയില്‍നിന്നു പ്രചോദിതമായി കഴുത്തു മുറിച്ചാണ് ഇരുവരുടെയും കൊലപാതകം നടപ്പാക്കിയത്. പ്രാഥമിക അന്വേഷണത്തില്‍ ഭീകരപ്രവര്‍ത്തനം തന്നെയെന്നു കണ്ടെത്തിയെങ്കിലും ഇവര്‍ക്ക് ഐഎസുമായി ബന്ധമില്ലെന്നു വ്യക്തമായി. ഐഎസ് ആശയം കടമെടുത്തു മൊറോക്കോയില്‍ വിഹരിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. 25നും 33നും ഇടയില്‍ പ്രായമുള്ളവരാണു പ്രതികളെന്നു മൊറോക്കന്‍ സുരക്ഷാ സേന വക്താവ് അറിയിച്ചു.
ഡിസംബര്‍ 17നാണ് അറ്റ്ലസ് പര്‍വതമേഖലയില്‍ ലൂയിസയുടെയും മാറെന്റെയും മൃതദേഹം കണ്ടെത്തിയത്. കഴുത്ത് കത്തി വച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതിനു പിന്നാലെ ഒരാളുടെ തലയറുത്തത് എങ്ങനെയെന്ന വീഡിയോയും പുറത്തുവന്നു. മാറെന്റെ മാതാവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ, തലയറുക്കപ്പെട്ട നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. പലതവണ ഈ ചിത്രങ്ങള്‍ അവരുടെ ഫെയ്സ്ബുക്കിലേക്ക് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് ഇവ നീക്കം ചെയ്യപ്പെട്ടു.
കൊലയ്ക്കുമുന്‍പ് അറസ്റ്റിലായ നാലുപേരും ചേര്‍ന്നു മൊറോക്കോയില്‍ ഒരു ഭീകരസംഘടന ‘സെല്‍’ രൂപീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 15 പേരെയോളം ഇതിലേക്കു റിക്രൂട്ട് ചെയ്തിരുന്നു. അതേസമയം, തങ്ങളുടെ ‘എമിര്‍’ ആവശ്യപ്പെട്ടിട്ടാണു ഭീകരപ്രവര്‍ത്തനം നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. തെരുവില്‍ സാധനങ്ങള്‍ വില്‍ക്കുന്ന 25കാരനാണ് ഈ എമിര്‍ എന്നും പൊലീസ് കണ്ടെത്തി.
കൊലയ്ക്കു ദിവസങ്ങള്ക്കുമുന്പേ സംഘം ഇംലില്‍ മേഖലയില്‍ എത്തിയിരുന്നെന്നു പൊലീസ് കണ്ടെത്തി. വിദേശികള്‍ കൂടുതല്‍ എത്തുന്ന മേഖലയെന്നതായിരുന്നു ഇംലില്‍ തിരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ലൂയിസയും മാറെനും ഒറ്റപ്പെട്ട സ്ഥലത്തെത്തിയപ്പോഴാണ് പ്രതികള്‍ ക്രൂരകൃത്യം നടത്തിയത്. ഇരുവര്‍ക്കും കത്തിക്കുത്തേറ്റിട്ടുണ്ട്. കൂടാതെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല