1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2012

ഒരു മോര്‍ട്ട്ഗേജിനായി ബാങ്കിലേക്ക് എത്തിയാല്‍ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് നൂറു തരം പദ്ധതികളാണ്. പല രൂപത്തില്‍… പല ഭാവത്തില്‍. പലതിന്റേയും ഗുണങ്ങള്‍ എക്‌സിക്യൂട്ടീവ് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്നെന്നിരിക്കും. അതില്‍ ആകൃഷ്ടനായി ഏതെങ്കിലും ഒരു മോര്‍ട്ട്ഗേജ് എടുത്തുകഴിഞ്ഞാല്‍ കൈപൊളളിയെന്ന് പറഞ്ഞാല്‍ മതിയെല്ലോ. നിങ്ങള്‍ക്ക് യോജിച്ച വായ്പ ഏതാണന്ന് എങ്ങനെ കണ്ടെത്തും. അതിനുളള ചില എളുപ്പ വഴികളാണ് താഴെ…

സ്ഥിരനിരക്കുകള്‍

സ്ഥിരനിരക്കിലുളള വായ്പകള്‍ സുരക്ഷിതവും മനസ്സിന് സന്തോഷവും നല്‍കുന്നതാണ്. കാരണം ഇവയുടെ പലിശനിരക്കില്‍ പിന്നീട് വ്യത്യാസമുണ്ടാകില്ലന്നത് തന്നെ. അതിനാല്‍ വായ്പാ കാലാവധി തീരുന്നത് വരെ തിരിച്ചടവ് തുല്യമായിരിക്കും. രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുളള കാലയളവില്‍ നിങ്ങള്‍ക്ക് സ്ഥിരനിരക്കില്‍ വായ്പ എടുക്കാന്‍ സാധിക്കും.

എന്നാല്‍ വായ്പ നേരത്തെ അടച്ചു തീര്‍ക്കാന്‍ തുനിഞ്ഞാല്‍ എര്‍ലി റീപേയ്‌മെന്റ് ചാര്‍ജ്ജ് എന്ന പേരില്‍ ഒരു തുക ഫൈനായി ബാങ്കുകാര്‍ ഈടാക്കും. അതിനാല്‍ തന്നെ എത്രകാലത്തേക്ക് വായ്പ എടുക്കുന്നു എന്ന് തീരുമാനിക്കുന്നതിന് മുന്‍പ് നിങ്ങള്‍ നേരത്തെ അടച്ചുതീര്‍ക്കാന്‍ സാധ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കണം. അസ്ഥിര നിരക്കിലുളള വായ്പയേക്കാള്‍ ചിലവേറിയതാണ് സ്ഥിരനിരക്കിലുളള വായ്പകള്‍. എന്നാല്‍ മാസാമാസമുളള തിരിച്ചടവിനെ കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണങ്കില്‍ സ്ഥിരനിരക്കിലുളള വായ്പ നല്‍കുന്ന സുരക്ഷിതത്വം അധികം നല്‍കുന്ന പണത്തിന് മുതലാകും.

അസ്ഥിര നിരക്കുകള്‍

നിങ്ങള്‍ ഒരു ചൂതാട്ടത്തിന് തയ്യാറാണങ്കില്‍ നിങ്ങള്‍ക്ക് അസ്ഥിര നിരക്കിലുളള വായ്പ എടുക്കാം. രണ്ട് തരം അസ്ഥിര നിരക്കിലുളള വായ്പാ പദ്ധതികള്‍ നിലവിലുണ്ട്. ഒന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്കിനെ ആശ്രയിച്ചുളളതാണ്. അതായത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് 0.50 ശതമാനം ഉയര്‍ന്നാല്‍ നിങ്ങളുടെ വായ്പയുടെ പലിശ നിരക്കും 0.50 ശതമാനം ഉയരും. അതായത് ഇരുപത്തിയഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലാവധിക്ക് ഒരു ലക്ഷം പൗണ്ട് വായ്പ എടുത്താല്‍ മാസം ഇരുപത്തിയാറ് പൗണ്ട് കൂടുതല്‍ അടയ്‌ക്കേണ്ടി വരും.

മറ്റൊരു തരമുളളത് ഡിസ്‌കൗണ്ട് അടിസ്ഥാനത്തിലുളളതാണ്. ഡിസ്‌കൗണ്ട് അനുവദിക്കുന്നത് വായ്പ എടുക്കുന്നയാളിന്റെ സ്്റ്റാന്റേര്‍ഡ് വേരിയബിള്‍ റേറ്റിനെ അടിസ്ഥാനപ്പെടുത്തിയാകും. അതായത് വായ്പ എടുക്കുന്നയാളിന്റെ എസ് വി ആര്‍ ഉയരുന്നതിന് അനുസരിച്ച് തിരിച്ചടവ് തുകയും കൂടും. എന്നാല്‍ അടിസ്ഥാന പലിശനിരക്കില്‍ മാറ്റമൊന്നും ഉണ്ടാവുകയുമില്ല.

എഗ്രിമെന്റ് ഫീസുകള്‍

ഒരു വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ അവരുടെ എഗ്രിമെന്റ് ഫീസിനെ കുറിച്ച് ചോദിച്ചറിയാന്‍ മടിക്കരുത്. വായ്പ തരപ്പെടുത്തി കൊടുക്കുന്നതിനുളള ഫീസില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല ബാങ്കുകളും ഇതിനായി രണ്ടായിരം പൗണ്ട് വരെ ഈടാക്കുന്നുണ്ട്. അതിനാല്‍ തന്നെ പലിശ നിരക്കില്‍ അല്പം വ്യത്യാസമുണ്ടെങ്കിലും കുറഞ്ഞ എഗ്രിമെന്റ് ഫീസ് ഈടാക്കുന്ന ബാങ്കുകളെ സമീപിക്കുന്നത് ഒരു വലിയ തുക ഒരു മിച്ച് നിങ്ങളുടെ കൈയ്യില്‍ നിന്ന് നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

മുതലും പലിശയും

സാധാരണ വായ്പകളില്‍, വായ്പ എടുത്ത തുകയുടെ പലിശയുടെ ഒരു ഭാഗവും മുതലിന്റെ ഒരു ഭാഗവും കൂടി ചേര്‍ത്താണ് മാസത്തിലുളള തിരിച്ചടവ് കണക്കാക്കുന്നത്. അതിന്റെ ഫലമായി വായ്പാ കാലാവധി തീരുമ്പോഴേക്കും നിങ്ങള്‍ കടം പൂര്‍ണ്ണമായും അടച്ച് തീര്‍ത്ത് വായ്പയില്‍ നിന്ന് മുക്തനാകും. എന്നാല്‍ മറ്റൊരു തരത്തിലും വായ്പ ലഭ്യമാണ്. ഇതനുസരിച്ച് തിരിച്ചടവ് കാലാവധിക്കുളളില്‍ നിങ്ങള്‍ വായ്പ എടുത്ത തുകയുടെ പലിശ മാത്രം അടച്ചുകൊണ്ടിരുന്നാല്‍ മതി. എന്നാല്‍ വായ്പയുടെ കാലാവധി തീര്‍ന്ന ശേഷം നിങ്ങള്‍ കടം വാങ്ങിയ തുക പൂര്‍ണ്ണമായും അടച്ചു തീര്‍ക്കണം. ഇത്തരത്തിലുളള വായ്പാ പദ്ധതിയില്‍ നിങ്ങളുടെ കടം അടച്ചുതീര്‍ക്കാനുളള തിരിച്ചടവ് പദ്ധതികളുണ്ട്. പല ആളുകളും ഇത്തരത്തില്‍ കടം തീര്‍ക്കുന്നതിനായി ഇന്‍ഡിവിഡ്യുല്‍ സേവിംഗ്‌സ് അക്കൗണ്ടുകളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ഇത്തരത്തിലുളള വായ്പകള്‍ ലഭിക്കാന്‍ കനത്ത നിബന്ധനകളാണ് ബാങ്കുകള്‍ മുന്നോട്ട് വയ്ക്കാറുളളത്. കാലവധിക്കുളളില്‍ പലിശ മാത്രം തിരിച്ചടക്കുന്ന വായ്പാ സമ്പ്രദായത്തില്‍ പലരും മുതല്‍ തിരിച്ചടക്കാന്‍ മടിക്കുന്നു എന്നതാണ് ഇത്തരം വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. മുതലും പലിശയും ഒരു പോലെ അടഞ്ഞു പോകുന്ന തരത്തിലുളള വായ്പകളാണ് എപ്പോഴും മികച്ചത്. വായ്പാ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും നിങ്ങളുടെ കടം പൂര്‍ണ്ണമായും തീര്‍ന്നിട്ടുണ്ടാകുമെന്നതാണ് ഇതിന്റെ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.