1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2012

ലണ്ടന്‍ : ഭവന വായ്പയുടെ പലിശനിരക്കുകള്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് താഴ്ന്ന നിരക്കി്ല്‍ തന്നെ തുടരുമെന്ന് സാമ്പത്തിക വിദഗദ്ധര്‍. വായ്പ എടുത്ത് വീട് വാങ്ങിയവര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് മാസങ്ങള്‍ക്കുളളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വീണ്ടും കുറക്കാനിടയുണ്ടെന്നും വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. രണ്ടായിരത്തി പതിനഞ്ച് പകുതിവരെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 0.5 ശതമാനത്തില്‍ നിന്ന് കൂട്ടാന്‍ പോകുന്നില്ലെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

എന്നാല്‍ നവംബറോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തിലേക്ക് താഴ്ത്താന്‍ സാധ്യതയുണ്ടെന്ന്് കാപ്പിറ്റല്‍ എക്കണോമിക്‌സിന്റെ പ്രധാന സാമ്പത്തിക വിദഗ്ദ്ധന്‍ വിക്കി റെഡ്‌വുഡ് പ്രവചിക്കുന്നു. അത്തരത്തില്‍ പലിശ നിരക്ക് കുറയ്ക്കുകയാണങ്കില്‍ ഭവന വായ്പ എടുത്തവര്‍ക്ക് വീണ്ടും 200 പൗണ്ട് ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റിന് അടിസ്ഥാനമാക്കി പലിശനിരക്ക് നിശ്ചയിക്കുന്ന ഏകദേശം മൂന്ന് മില്യണ്‍ ഭവന വായ്പാ ഉടമകള്‍ക്ക് അവരുടെ മാസതിരിച്ചടവില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അസസ്‌മെന്റ് യോഗത്തില്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ഒരു മങ്ങിയ വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ ചുവട് പിടിച്ചാണ് സാമ്പത്തിക വിദഗദ്ധര്‍ ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്. ബാങ്ക് അധികാരികള്‍ അവതരിപ്പിച്ച നാല് മാസത്തെ പണപ്പെരുപ്പ് നിരക്ക് അനുസരിച്ച് ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകാനാണ് സാധ്യതെയെന്നും രാജ്യം ഇരട്ട മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന്് ഉടനൊന്നും കരകയറില്ലെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

വായ്പ എടുത്തവര്‍ക്ക് പലിശനിരക്കിലെ കുറവ് സന്തോഷം പകരുമ്പോഴും വര്‍ഷങ്ങളായി കുറഞ്ഞപലിശയില്‍ തുടരുന്ന നിക്ഷേപകര്‍ക്ക് വീണ്ടും പലിശ നിരക്ക് കുറയുന്നത് ഇരട്ടിപ്രഹരമാകും. യൂറോസോണ്‍ പ്രതിസന്ധി പരിഹരിക്കാനാകാതെ തുടരുന്നതാണ് വളര്‍ച്ചാ നിരക്ക് പുറകോട്ട് പോകാന്‍ കാരണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ മെര്‍വിന്‍ കിംഗ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയായി ഒളിമ്പിക്‌സ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തിരിച്ച് വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒളിമ്പിക് ടിക്കറ്റുകളുടെ വില്‍്പ്പനയും ടിവി സംപ്രേഷണ അവകാശത്തിന്റെ വില്‍പ്പനയും മറ്റുമായി സമ്പദ് വ്യവസ്ഥക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മോണിറ്ററി പോളിസ് കമ്മിറ്റി മെമ്പര്‍ സ്‌പെന്‍സര്‍ ഡെയ്ല്‍ പറഞ്ഞു. ഒളിമ്പിക്‌സ് മൂലം ടൂറിസത്തിലുണ്ടായ വരുമാന വര്‍ദ്ധനവും കൂടുതല്‍ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കും. എന്നാല്‍ നവംബറോടെ അടിസ്ഥാന പലിശനിരക്കില്‍ വീണ്ടും കുറവ് വരുത്തുകയും മറ്റൊരു ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ് നടപ്പിലാക്കുകയും ചെയ്യുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വ് വരുത്താന്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.