സ്വന്തം ലേഖകൻ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.140 പേർക്കു പരുക്കേറ്റു. മോസ്കോയുടെ പടിഞ്ഞാറെ അതിർത്തിയോടു ചേർന്ന ക്രസ്‌നയാർസ്ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളിൽ കടന്ന ഭീകരർ ബോംബെറിഞ്ഞശേഷം ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്നു ഹാളിൽ തീപടർന്നു. മേൽക്കൂര കത്തിയമർന്നു.
ആക്രമണത്തിൽ പങ്കെടുത്ത 4 പേരടക്കം 11 പേർ അറസ്റ്റിലായി. ഭീകരസംഘടനയായ ഐഎസ് (അഫ്ഗാനിസ്ഥാൻ വിഭാഗം) ഉത്തരവാദിത്തമേറ്റെങ്കിലും ആക്രമണത്തിന് യുക്രെയ്ൻ ബന്ധമുണ്ടെന്ന് റഷ്യ ആരോപിക്കുന്നു. യുക്രെയ്നിലേക്കു കടക്കാനുള്ള യാത്രയ്ക്കിടെയാണു 4 പേർ പിടിയിലായത്. പിടിയിലായവർ ആരും റഷ്യക്കാരല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നും റഷ്യയുമായുള്ള പോരാട്ടം യുദ്ധക്കളത്തിൽ മാത്രമാണെന്നും യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കി.
6,000 പേർക്ക് ഇരിക്കാവുന്ന ഹാളിൽ റഷ്യൻ റോക്ക് ബാൻഡ് ‘പിക്നിക്കി’ന്റെ പരിപാടിക്കെത്തിയവരാണ് ഇരകളായത്. ഹാളിന്റെ പുറത്തേക്കുള്ള വാതിലുകൾ അടച്ചശേഷമായിരുന്നു ആക്രമണം. ഐഎസ് മോസ്കോയിൽ ആക്രമണത്തിനു പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ആഴ്ചകൾക്കു മുൻപേ റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു.
സിറിയയിൽ ഐഎസിനെ ഇല്ലായ്മ ചെയ്യാൻ യുഎസിനൊപ്പം റഷ്യയുമുണ്ടായിരുന്നു. ഇതാണു പുട്ടിനെ അവർ ശത്രുവായി പ്രഖ്യാപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ഹീനമായ ഭീകരാക്രമണത്തിൽ യുക്രെയ്ൻ ബന്ധമുണ്ടെന്നും പുട്ടിൻ സൂചിപ്പിച്ചു.
അതേസമയം മോസ്കോ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ. വെള്ളിയാഴ്ച രാത്രി ഭീകരാക്രമണ വാർത്ത പുറത്തുവന്നതിനു തൊട്ടു പിന്നാലെ യുക്രെയ്ൻ സർക്കാർ തങ്ങൾക്കു പങ്കില്ലെന്ന് വ്യക്കമാക്കുകയായിരുന്നു.
യുക്രെയ്ന്റെ കാര്യത്തിൽ എല്ലാം തീരുമാനിക്കപ്പെടുന്നത് യുദ്ധത്തിലായിരിക്കുമെന്ന് പ്രസിഡന്റ് സെലൻസ്കിയുടെ വക്താവ് മിഖെയ്ലോ പൊഡോൾയാക് ടെലഗ്രാമിൽ കുറിച്ചു. പുടിന്റെ പ്രത്യേക സേനകൾ മനപ്പൂർവം പ്രകോപനമുണ്ടാക്കാൻ നടത്തിയ ആക്രമണമാകാം ഇതെന്ന് യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് വക്താവ് ആന്ദ്രിയ് യുസോവും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല