സ്വന്തം ലേഖകൻ: ഫെബ്രുവരിയില്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡും മാസ്റ്ററിന്റെ ചിത്രീകരണം മുടക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരെത്തിയതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു. റെയ്ഡില്‍ ഒന്നും പിടിച്ചെടുക്കാനായില്ലെന്ന് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയ വിജയ് ആരാധകരോടൊപ്പം എടുത്ത സെല്‍ഫി അന്നുതന്നെ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ സെല്‍ഫി മറ്റൊരു അത്യപൂര്‍വ്വ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റാണ് ഈ സെല്‍ഫി. 1,58,000 റീട്വീറ്റുകളാണ് ഇതുവരെ ഈ സെല്‍ഫിക്ക് ലഭിച്ചിരിക്കുന്നത്. ട്വിറ്റര്‍ ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘2020ല്‍ ഇതാണ് സംഭവിച്ചത്’ എന്ന തലക്കെട്ടില്‍ വിവിധ വിഷയങ്ങള്‍ പങ്കുവെക്കുന്ന സെഗ്‌മെന്റിലാണ് ട്വിറ്റര്‍ ഇന്ത്യ ഇക്കാര്യം പറയുന്നത്.
ഫെബ്രുവരിയില്‍ മാസ്റ്ററിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ വിജയിയുടെ പേരില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പിന്നാലെ വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ഭൂമി സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം. നേരത്തെ ബി.ജെ.പി ഇതേ ആവശ്യം ഉന്നയിച്ചിട്ടില്ല. ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് വിജയ് ആരാധകരും ബി.ജെ.പിയും നേര്‍ക്കുനേര്‍ വന്നതിന് ശേഷമാണ് ബി.ജെ.പി ഇതേ ആവശ്യം ഉന്നയിക്കുന്നത്.
ആദായ നികുതി വകുപ്പ് വിജയ്‌യുടെ വീട്ടില്‍ നടത്തിയ റെയ്ഡും ക്ലീന്‍ ചിറ്റ് നല്‍കലിനും ശേഷം വിജയ് നെയ്‌വേലിയിലെത്തിയപ്പോള്‍ നൂറു കണക്കിന് ആരാധകകര്‍ താരത്തെ കാണാനായി എത്തിച്ചേരുകയായിരുന്നു. ലൊക്കേഷനില്‍ നിര്‍ത്തിയിട്ട ബസിനുമുകളില്‍ കയറി വിജയ് അന്ന് സെല്‍ഫിയെടുക്കുകയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘താങ്ക്യു നെയ്‌വേലി’ എന്നു മാത്രം പറഞ്ഞു കൊണ്ടായിരുന്നു ട്വീറ്റ്.
റെയ്ഡും കസ്റ്റഡിയിലെടുക്കലും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിനിമകളിലെ കഥാപാത്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിനും വിജയ്‌യുടെ ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ക്കുമുള്ള പ്രതികാരനടപടിയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് എന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേര്‍ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സോഷ്യല്‍ മീഡിയയിലോ വിജയ് പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ റെയ്ഡ് അവസാനിച്ച് ക്ലീന്‍ ചിറ്റ് ലഭിച്ച ശേഷം ലൊക്കേഷനില്‍ എത്തിയ വിജയ് ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫറിയെടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനുമുള്ള ഏറ്റവും ശക്തമായ മറുപടിയാണ് ആ സെല്‍ഫിയെന്ന് അന്നുതന്നെ പ്രതികരണം ഉയര്‍ന്നിരുന്നു. സംഭവബഹുലമായ 2020ലും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രമായി വിജയ് സെല്‍ഫി വന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ഇപ്പോള്‍ #KTownMajesticVIJAY, #VIJAYRuledTwitter2020 എന്നീ പുതിയ ഹാഷ്ടാഗ് ക്യാംപെയ്‌നും ആരാധകര്‍ ആരംഭിച്ചിട്ടുണ്ട്.
റെയ്ഡിന് ശേഷം വിജയ് പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിലെ പ്രസംഗവും ഇതിന് പിന്നാലെ ഒരിക്കല്‍ കൂടി വൈറലാകുന്നുണ്ട്. പരോക്ഷമായി റെയ്ഡിനെ പരിഹസിച്ചു കൊണ്ടായിരുന്നു വിജയ്‌യുടെ ഈ പ്രസംഗം. ഇപ്പോഴത്തെ ദളപതി വിജയ് ഇരുപത് വര്‍ഷം മുമ്പത്തെ ഇളയ ദളപതി വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന അവതാരകന്റെ ചോദ്യത്തിന് അന്ന് ജീവിച്ചിരുന്ന ജീവിതമായിരിക്കും ആവശ്യപ്പെടുകയെന്നായിരുന്നു വിജയ് പറഞ്ഞത്. അന്ന് സമാധാനത്തോടെയായിരുന്നു ഇരുന്നത്. റെയ്ഡുകളൊന്നുമില്ലായിരുന്നുവെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ നമ്മള്‍ പുഴ പോലെയായിരിക്കണം. പുഴ സാധാരണ പോലെ ഒഴുകും, ഇഷ്ടമുള്ള ചിലര്‍ പുഴയിലേക്ക് പൂക്കള്‍ എറിയും ഇഷ്ടമില്ലാത്ത ചിലര്‍ പുഴയിലേക്ക് കല്ലെറിയും. രണ്ടായാലും പുഴ ഒഴുകി കൊണ്ടിരിക്കുമെന്നും വിജയ് പറഞ്ഞു. പ്രശ്നങ്ങള്‍ ജീവിതത്തില്‍ വരും പോകും. കാര്യമാക്കേണ്ട, എതിരാളികളെ നമ്മുടെ വിജയം കൊണ്ട് ഇല്ലാതാക്കുക, നമ്മുടെ പുഞ്ചിരി കൊണ്ട് അവരുടെ വായടപ്പിക്കുകയെന്നും താരം പറഞ്ഞു. ചില സമയത്ത് സത്യസന്ധനായി ഇരിക്കണമെങ്കില്‍ ഊമയായി ഇരിക്കേണ്ടി വരുമെന്നും വിജയ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല