ബ്രട്ടനിലെ ഇരുപത് മോസ്റ്റ് വാണ്ടഡ് നികുതി വെട്ടിപ്പുകാരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ആദ്യമായാണ് എച്ച് എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എഫ്ബിഐ സ്റ്റൈലില്‍ ബ്രട്ടനിലെ ഏറ്റവും വലിയ ഇരുപത് നികുതി വെട്ടിപ്പുകാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുന്നത്. ഈ ഇരുപത് പേരും കൂടി മൊത്തം 765 മില്യണ്‍ പൗണ്ടാണ് വെട്ടിച്ചെടുത്തത്.
ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടത്തിയത് കളളക്കടത്തുകാരനായ ഹുസൈന്‍ ആസാദ് ചൗഹാന്‍ ആണ്. 200 മില്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ദുബായിലേക്ക് കടന്നിരുന്നു. വിചാരണയ്ക്ക് ഹാജരായിരുന്നില്ലെങ്കിലും ഇവര്‍ക്കെതിരേയുളള ശിക്ഷ കോടതി വിധിച്ചിരുന്നു. ആസാദ് ചൗഹാന് പതിനൊന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ലിസ്റ്റിലെ രണ്ടാമന്‍ വാറ്റ് നികുതിയില്‍ വെട്ടിപ്പ് നടത്തിയ നാസര്‍ അഹമ്മദാണ്. 156 മില്യണിന്റെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇയാളുടെ അസാന്നിധ്യത്തില്‍ ബ്രിസ്റ്റോള്‍ കോടതി ഇയാളെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. നിലവില്‍ ഇയാള്‍ പാകിസ്ഥാനിലോ ദുബായിലോ ഒളിച്ച് താമസിക്കുകയാണെന്നാണ് കരുതുന്നത്.
ഇതാദ്യമായാണ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരത്തിലൊരു ലിസ്റ്റ് പുറത്തിറക്കുന്നത്. നികുതി വെട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വന്‍തുകകകള്‍ വെട്ടിപ്പ് നടത്തിയ ശേഷം കണ്ടുപിടിക്കപ്പെടുമ്പോള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്ത വ്യക്തികളാണ് ഇവര്‍. ഇവരുടെ പേര് വിവരങ്ങളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തുക വഴി പൊതുജനങ്ങള്‍ക്ക് ഇവരെ കണ്ടെത്താന്‍ സഹായിക്കാന്‍ കഴിയുമെന്നും ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കേണ്ടത് ഭാവിയില്‍ ഇത്തരം വെട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും കസ്റ്റംസ് ആന്‍ഡ് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എച്ച്എംആര്‍സിയുടെ ഫഌക്കര്‍ ചാനല്‍ വഴിയാണ് തട്ടിപ്പുകാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പത്തൊന്‍പത് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ലിസ്റ്റിലുളളത്. കളളക്കടത്ത്, നികുതിവെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത് ഇരുപത് പേരേയും കോടതി ഇവരുടെ അസാന്നിദ്ധ്യത്തില്‍ ശിക്ഷിച്ചിരുന്നു.
യു കെയിലെ നികുതി വ്യവസ്ഥ പാലിക്കാതെ ബിസിനസ് നടത്തി പണം അടിച്ചു മാറ്റുന്ന പല വിരുതന്മാരായ മലയാളികള്‍ ഉണ്ടെങ്കിലും അവരാരും തല്‍ക്കാലം മേല്‍വിവരിച്ച മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ തല്‍ക്കാലം ഉള്‍പ്പെട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല