സ്വന്തം ലേഖകന്‍: മൊസൂളില്‍ നിലതെറ്റി ഇസ്ലാമിക് സ്റ്റേറ്റ്, ഭീകരര്‍ എണ്ണക്കിണറുകള്‍ക്ക് തീയ്യിട്ട് പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെയും റഷ്യയുടേയും വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ സ്‌റ്റേറ്റ് തീവ്രവാദികള്‍ ഇറാഖില്‍ എണ്ണക്കിണറുകള്‍ക്ക് തീയിടുന്നതിനാല്‍ ആകാശം ഭീമാകാരമായ പുക പടലങ്ങള്‍ കൊണ്ട് നിറയുകയും അന്തരീക്ഷം ഇരുളുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
1991 ല്‍ ഗള്‍ഫ് യുദ്ധത്തില്‍ കുവൈറ്റില്‍ പരാജയപ്പെട്ടപ്പോള്‍ സദ്ദാം ഹുസൈന്റ സൈനികര്‍ നടപ്പിലാക്കിയ തന്ത്രമായിരുന്നു എണ്ണക്കിണറുകള്‍ക്ക് തീയിടല്‍. കനത്ത പുക മൂലം വ്യോമാക്രമണം നടത്തേണ്ട ഇടം എതിര്‍നിരയിലെ പൈലറ്റുമാര്‍ക്ക് വ്യക്തമായി കാണാതിരിക്കാന്‍ വേണ്ടിയാണ് ഈ തന്ത്രം. ദശലക്ഷ കണക്കിന് ഡോളറുകള്‍ നഷ്ടമാകുന്നതിന് പുറമേ പരിസ്ഥിതിക്കും ഇത് വളരെ ദോഷകരമാണ്.
യുദ്ധം മുറുകിയതോടെ മൊസൂളില്‍ നിന്നും സാധാരണക്കാര്‍ പലായനം ചെയ്യുകയാണ്. 2014 ല്‍ കൈവിട്ടുപോയ മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് ഇറാഖി സേന. അമേരിക്കന്‍ സംയുക്തസേനയുടെ കര, വ്യോമ ആക്രമണത്തിന്റെ പിന്തുണയോടെ ഇറാഖിന്റെയും കുര്‍ദ്ദുകളുടെയുമായി ഏകദേശം 40,000 സൈനികരാണ് മൊസൂളിനെ വളഞ്ഞിരിക്കുന്നത്.
തെക്കന്‍ ഭാഗത്ത് ഇറാഖി സൈന്യം കേവലം 24 മൈലുകള്‍ അകലെയാണ്. കുര്‍ദ്ദുകളാകട്ടെ 19 മൈല്‍ ദൂരെ കിഴക്ക് ഭാഗത്തും. ഇസ്‌ളാമിക് സ്‌റ്റേറ്റിന് ഇനി വെറും 5000 സൈനികര്‍ മാത്രമാണ് മൊസൂളില്‍ ശേഷിക്കുന്നത് എന്നാണ് വിവരം. മൊസൂളിന്റെ പതനം ആസന്നമാണെന്നാണ് നിരീക്ഷകരും കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല