സ്വന്തം ലേഖകന്‍: ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നരക യാതന അനുഭവിക്കുന്നത് നാലു ലക്ഷത്തോളം സാധാരണക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവശേഷിക്കുന്ന സ്വാധീന കേന്ദ്രമായ പടിഞ്ഞാറന്‍ മൊസൂളില്‍ നാലു ലക്ഷത്തോളം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും മതിയായ ഭക്ഷണവും മരുന്നുകളുമില്ലാതെ ഭയന്നു വിറച്ചാണ് അവര്‍ കഴിയുന്നതെന്നും ഇറാഖിലെ യു.എന്‍ പ്രതിനിധി ബ്രൂണോ ഗെദ്ദോ അറിയിച്ചു.
ആറു ലക്ഷത്തോളം പേര്‍ ഇപ്പോഴും നഗരത്തിന്റെ ഭാഗങ്ങളില്‍ കഴിയുന്നുണ്ടെന്നും യു.എന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. ഫെബ്രുവരി ഒമ്പതിനാണ് ഐഎസില്‍ നിന്ന് പടിഞ്ഞാറന്‍ മൂസില്‍ പിടിച്ചെടുക്കുന്നതിന് ഇറാഖി സൈന്യം ആക്രമണം തുടങ്ങിയത്. കിഴക്കന്‍ മേഖല സൈന്യം നേരത്തെ തിരിച്ചുപിടിച്ചിരുന്നു. പിടിച്ചു നില്‍ക്കാന്‍ ഭീകരരും ജീവല്‍മരണ പോരാട്ടം തുടങ്ങിയതോടെ ഇവിടെനിന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.
2014 ലാണ് ഐഎസ് മൊസൂള്‍ പിടിച്ചെടുത്തത്. യു.എസ് സഖ്യസേനയുടെ പിന്‍ബലത്തോടെ ഇറാഖിലെ ഭൂരിഭാഗം ഐഎസ് മേഖലകളും സൈന്യം തിരിച്ചുപിടിച്ചെങ്കിലും മൊസൂളിലെ ഭീകരരുടെ പ്രതിരോധം തകര്‍ക്കാനായില്ല. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് മൊസൂള്‍ പിടിക്കാനുള്ള അവസാന പോരാട്ടം ഇറാഖി സൈന്യം ആരംഭിച്ചു.
മൂന്നു മാസം നീണ്ട പോരാട്ടത്തിനിടെ ജനുവരിയില്‍ കിഴക്കന്‍ മേഖല പൂര്‍ണ്മായും പിടിച്ചെടുത്ത് ഭീകരരെ പടിഞ്ഞാറന്‍ മേഖലയിലേക്ക് തുരുത്താന്‍ സൈന്യത്തിനായി. എന്നാല്‍ ചില സര്‍ക്കാര്‍ കെട്ടിടങ്ങളും അപ്രധാന കേന്ദ്രങ്ങളും സ്വന്തമാക്കിയതല്ലാതെ പടിഞ്ഞാറന്‍ മേഖലയില്‍ സൈന്യത്തിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഐഎസില്‍നിന്നു പൂര്‍ണമായും തിരിച്ചുപിടിക്കാനുള്ള ഇറാഖ് സേനയുടെ പോരാട്ടം വിജയത്തിലേക്കു നീങ്ങുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം. പരാജയം മണത്ത ഐഎസ് ഭീകരാക്രമണങ്ങള്‍ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല