സ്വന്തം ലേഖകന്‍: പത്മശ്രീ സ്വീകരിച്ച ശേഷം രാഷ്ട്രപതിയെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് ഒരമ്മ; വൈറലായ വീഡിയോക്ക് മുന്നില്‍ തലകുനിച്ച് സമൂഹ മാധ്യമങ്ങള്‍. 107 വയസുള്ള സാലുമര്‍ദ തിമ്മക്ക രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പത്മശ്രീ സ്വീകരിക്കുമ്പോള്‍ ഈ രാജ്യം മുഴുവന്‍ അവര്‍ക്കു മുമ്പില്‍ ആദരവോടെ നിന്നു. അത്രയ്ക്ക് നിഷ്‌കളങ്കമായാണ് സാലുമര്‍ദ ആ പുരസ്‌ക്കാരം സ്വീകരിച്ചത്. പുരസ്‌ക്കാരം സ്വീകരിച്ച ശേഷം രാഷ്ട്രപതിയുടെ തലയില്‍ കൈ വച്ച് സാലുമര്‍ദ അനുഗ്രഹിക്കുമ്പോള്‍ ഒരു രാജ്യം മുഴുവന്‍ അവരുടെ ആ പ്രവൃത്തിയെ അഭിനന്ദിച്ചു.
പത്മശ്രീ സ്വീകരിക്കാനായി കൂപ്പുകൈകളോടെ നടന്നുവന്ന അവരുടെ മുഖത്ത് സൗമ്യമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു. രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ സ്വീകരിച്ച ശേഷം തന്നെക്കാള്‍ 33 വയസുപ്രായം കുറഞ്ഞ രാംനാഥ് കോവിന്ദിന്റെ നെറുകയില്‍ തൊട്ട് അനുഗ്രഹിച്ചപ്പോള്‍ ആ അമ്മയുടെ സ്‌നേഹത്തിനു മുന്നില്‍ പ്രോട്ടോക്കോള്‍ പോലും കാറ്റില്‍ പറന്നു. അനുഗ്രഹം സ്വീകരിക്കുന്നതിനിടയില്‍ രാഷ്ട്രപതി സാലുമര്‍ദയോട് ക്യാമറയില്‍ നോക്കാന്‍ പറയുന്നുണ്ടായിരുന്നു.
അവരുടെ നിഷ്‌കളങ്കമായ പ്രവൃത്തി പ്രധാനമന്ത്രി ഉള്‍പ്പെടെ സദസിലുള്ളവരുടെ മുഖത്ത് ചിരി പടര്‍ത്തി.
കര്‍ണ്ണാടകയിലെ ഹൂലികള്‍ ഗ്രാമത്തില്‍ ജനിച്ച തിമ്മക്ക ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല. 1991 ല്‍ തിമ്മക്കയുടെ ഭര്‍ത്താവ് മരിച്ചതിനു ശേഷം ഇവര്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. നാലു കിലോമീറ്ററാണ് ഇവര്‍ ആല്‍മരങ്ങള്‍ നട്ടുവളര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല