സ്വന്തം ലേഖകന്‍: മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്, പ്രഖ്യാപനത്തിനായി മാര്‍പാപ്പ ഇന്ത്യയിലെത്തും. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ തീയതിയും വേദിയും ഫ്രെബുവരിയില്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ മാര്‍പാപ്പ വ്യക്തമാക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം തന്നെ പ്രഖ്യാപനച്ചടങ്ങു നടന്നേക്കും.
ഡിസംബര്‍ എട്ടു മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 20 വരെ കരുണയുടെ വിശുദ്ധ വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളില്‍ പ്രഖ്യാപനച്ചടങ്ങു നടത്തിയേക്കുമെന്നാണു വത്തിക്കാന്‍ വൃത്തങ്ങള്‍ പറയുന്നത്. മദര്‍ തെരേസയുടെ ചരമദിനമായ സെപ്റ്റംബര്‍ അഞ്ചിനു ചടങ്ങു നടത്തുന്നതാണ് ഉചിതമെന്നും അഭിപ്രായമുണ്ട്.
വിശുദ്ധരെ നാമകരണം ചെയ്യുന്ന ചടങ്ങ് സാധാരണ വത്തിക്കാനിലാണു നടക്കുക. ചില സാഹചര്യങ്ങളില്‍ മാത്രമാണു വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന വ്യക്തിയുടെ മാതൃരാജ്യത്തോ ജീവിതം ചെലവിട്ടിടത്തോ ചടങ്ങു നടത്തുക. വിശുദ്ധ അല്‍ഫോന്‍സാമ്മയെയും വിശുദ്ധ ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതു കോട്ടയത്തായിരുന്നു. വിശുദ്ധരായി നാമകരണം ചെയ്തത് വത്തിക്കാനിലും.
മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ ചടങ്ങ് 2003ല്‍ വത്തിക്കാനിലാണു നടന്നത്. മദര്‍ തെരേസയുടെ നാമകരണച്ചടങ്ങ് ഇന്ത്യയിലാണു നടക്കുന്നതെങ്കില്‍ അതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി രാജ്യത്തെത്തും. ഇന്ത്യ സന്ദര്‍ശിക്കണമെന്നു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവായും കര്‍ദിനാള്‍ ഓസ്വള്‍ഡ് ഗ്രേഷ്യസും മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല