സ്വന്തം ലേഖകന്‍: വത്തിക്കാന്റെ മദര്‍ തെരേസ സ്മാരക സ്റ്റാമ്പ് സെപ്റ്റംബര്‍ രണ്ടിന് പുറത്തിറക്കും. വിശുദ്ധയായി നാമകരണം ചെയ്യപ്പെടുന്ന മദര്‍ തെരേസയുടെ സ്മാരക സ്റ്റാമ്പ് വത്തിക്കാന്റെ തപാല്‍ വിഭാഗമാണ് പ്രകാശനം ചെയ്യുന്നത്. സെപ്റ്റംബര്‍ നാലിനു ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയോട് അനുബന്ധിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്യുക.
പുഞ്ചിരിയോടെ നില്‍ക്കുന്ന മദറിന്റെ മുഖമാണ് സ്റ്റാമ്പിന്റെ പ്രധാന ഭാഗം. കൊല്‍ക്കത്ത നഗര ത്തിന്റെ പൗരാണികതയും ക്രിസ്തീയതയും വിളിച്ചോതിക്കൊണ്ട് വിശുദ്ധ പൗലോസിന്റെ ഭദ്രാസന ദേവാലയം പശ്ചാത്തലമായി കാണാം. ഒരു കുഞ്ഞിനെ കൈക്കുപിടിച്ചു നില്‍ക്കുന്ന മദറിന്റെ പൂര്‍ണകായ ദൂരദൃശ്യ ചിത്രണവും സ്റ്റാമ്പിന്റെ ഇടതുഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.
കാരുണ്യത്തിന്റെ അമ്മ, പാവങ്ങള്‍ക്കു താങ്ങായവള്‍ എന്നിങ്ങനെയുള്ള മദറിന്റെ വ്യക്തിത്വത്തില്‍ ഊന്നല്‍ നല്‍കിയാണ് പത്രീസിയോ ദാനിയേലെന്ന ഇറ്റാലിയന്‍ ചിത്രകാരന്‍ സ്റ്റാമ്പിന് രൂപം കൊടുത്തിരിക്കുന്നത്. യൂറോപ്യന്‍ വിനിമയനിരക്കില്‍ സ്റ്റാമ്പൊന്നിന് 95 സെന്റ് (ഏകദേശം 60 രൂപ) മൂല്യമുള്ളതാണു മദര്‍ തെരേസയുടെ സ്മാരക സ്റ്റാമ്പ്. ആദ്യഘട്ടത്തില്‍ 10 സ്റ്റാമ്പുകളുള്ള 1,50,000 ഷീറ്റുകളാണ് വത്തിക്കാന്‍ തപാല്‍ വിഭാഗം പുറത്തിറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല