സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തരംഗത്തില്‍ നിറഞ്ഞ് വത്തിക്കാന്‍, മദര്‍ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസയെ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കെ വത്തിക്കാനിലേക്ക് ഇന്ത്യന്‍ വിശ്വാസികളുടെ പ്രവാഹമാണ്. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങള്‍ക്കുപുറമേ യൂറോപ്പില്‍നിന്നും മറ്റും ധാരാളം ഇന്ത്യക്കാരാണ് വത്തിക്കാനിലേക്ക് ഒഴുകുന്നത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം പകല്‍ രണ്ടിന് നടക്കുന്ന ചടങ്ങിലാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുക. ശനിയാഴ്ച രാവിലെ വിശുദ്ധ പ്രഖ്യാപന നടപടിക്രമങ്ങള്‍ ആരംഭിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മാര്‍പാപ്പയുടെ പ്രഭാഷണം സാധാരണ നടക്കുക ബുധനാഴ്ചയാണെങ്കിലും മദര്‍ തെരേസയുടെ നാമകരണച്ചടങ്ങ് പ്രമാണിച്ച് ശനിയാഴ്ച മാര്‍പാപ്പ പ്രത്യേകമായി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ പത്തു മണിയോടെയാണ് പാപ്പയെത്തിയത്. മാര്‍പാപ്പയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗങ്ങളില്‍ മലയാളവുമുണ്ടായിരുന്നു. യെമനിലെ ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ സിസ്റ്റര്‍ സാലി മലയാളത്തില്‍ മാര്‍പാപ്പയ്ക്ക് സ്വാഗതം പറഞ്ഞു.
ഉഷാ ഉതുപ്പിന്റെ ഇംഗ്‌ളീഷിലുള്ള പ്രാര്‍ഥന അകമ്പടിയായി. ഇറ്റാലിയനിലാണ് മാര്‍പാപ്പ സംസാരിച്ചത്. വിശുദ്ധ പ്രഖ്യാപനത്തിനു മുന്നോടിയായി ബുധനാഴ്ച മുതല്‍ ഇന്ത്യന്‍ കലാപരിപാടികളും മറ്റും ആരംഭിച്ചിട്ടുണ്ട്. ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഗായിക ഉഷാ ഉതുപ്പിന്റെ ഗാനമേളയും ഇറ്റലിക്കാരുടെ ഇന്ത്യന്‍ നൃത്തവും അരങ്ങേറി.
സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത (കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ) എന്ന പേരിലാകും പിന്നീട് മദര്‍ അറിയപ്പെടുക. വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്, മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവര്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല