1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2012

ലണ്ടന്‍ : മരിക്കുന്നതിന് മുന്‍പ് മാര്‍ജോരിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. തന്റെ മൂന്ന് മക്കളുടേയും വിവാഹം നടന്നു കാണണം. കാന്‍സര്‍ ശരീരത്തെ കാര്‍ന്നു തിന്നുമ്പോഴും മാര്‍ജോരി അതിനായി പരിശ്രമിച്ചു. പക്ഷേ വിധി ആ നിമിഷത്തിന് സാക്ഷിയാകാന്‍ മാര്‍ജോരിയെ അനുവദിച്ചില്ല. അവസാനം അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍ മൂന്ന് മക്കളും ഒരേ വേദിയില്‍ ഒരേ സമയത്ത് മിന്നുകെട്ടി. അമ്മയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന ചടങ്ങിലൂടെ മൂവരും ദാമ്പത്യത്തിലേക്ക് കാലെടുത്ത് വച്ചു.

മാര്‍ജോരിയുടെ മക്കളായ എമ്മ ബോണ്ട്, സാറാ ബോണ്ട്, സഹോദരന്‍ പോള്‍ ചാര്‍മാന്‍ എന്നിവരാണ് വികാരനിര്‍ഭരമായ ചടങ്ങുകള്‍ക്കൊടുവില്‍ വിവാഹിതരായത്. കഴിഞ്ഞ മേയ് 26നാണ് സൗത്ത് ഷീല്‍ഡിലെ വീട്ടില്‍ വച്ച് മാര്‍ജോരി മരിക്കുന്നത്. മരിക്കുമ്പോള്‍ മക്കളുടെ വിവാഹം നടന്നുകാണാത്തതായിരുന്നു മാര്‍ജോരിയുടെ ഏക സങ്കടം. മക്കള്‍ ഒരുമിച്ച് ഒരേദിവസം വിവാഹിതരാകണമെന്ന് അന്ത്യാഭിലാഷം പ്രകടിപ്പിച്ച ശേഷമാണ് ഇവര്‍ മരിക്കുന്നത്. തുടര്‍ന്നാണ് ഒരേദിവസം വിവാഹിതരാകാന്‍ സഹോദരങ്ങള്‍ തീരുമാനിച്ചത്. വെളളിയാഴ്ച ന്യൂകാസ്റ്റിലിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അമ്മയോടുളള ആദര സൂചകമായി മക്കള്‍ വിവാഹം നടക്കുന്ന ഹാളില്‍ മാര്‍ജോരിയുടെ ചിത്രം വച്ചിരുന്നു.

മാര്‍ജോരിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കുക എന്നത്. അവരുടെ ഭര്‍ത്താവ് മൈക്ക് (66) പറഞ്ഞു. സാറയുടേയും എമ്മയുടേയും കൈപിടിച്ച് മൈക്ക് വിവാഹവേദിയിലേക്ക് ഇരുവരേയും ആനയിച്ചു. തന്റെ മക്കള്‍ അമ്മയെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിവാഹമെന്നും താന്‍ അവരെ ഓര്‍ത്ത് അഭിമാനിക്കുന്നതായും മൈക്ക് പറഞ്ഞു.

സൗത്ത് ഷീല്‍ഡിലെ തന്നെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്ന സാറ (30) കെവിന്‍ ഗ്രഹാമിനെ (33) ആണ് വിവാഹം കഴിച്ചത്. പോള്‍ ചാര്‍മാന്‍ (49) മെലാനീ താല്‍ബോട്ടിനെ (39) വിവാഹം കഴിച്ചപ്പോള്‍ നഴ്‌സറി നഴ്‌സായ എമ്മ (34) ബില്‍ തോംപ്‌സണി(55) നെ വിവാഹം ചെയ്തു. ശരിക്കും വികാരനിര്‍ഭരമായൊരു വിവാഹ ചടങ്ങായിരുന്നു ഇതെന്നും ചടങ്ങിലുടനീളം മാര്‍ജോരിയുടെ ഓര്‍മ്മകള്‍ തുടിച്ചുനിന്നെന്നും വിവാഹചടങ്ങുകള്‍ സംഘടിപ്പിച്ച എസ്റ്റര്‍ വാര്‍ഡ് ഓര്‍മ്മിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.