സ്വന്തം ലേഖകന്‍: മൗഗ്ലി ഗേളിനെ കണ്ടെത്തി, യുപിയില്‍ കുരങ്ങുകള്‍ വളര്‍ത്തിയ പെണ്‍കുട്ടിയെ അധികൃതര്‍ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശില കട്ടാര്‍നിയാഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് കാഴ്ചയില്‍ എട്ടുവയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കുരങ്ങന്മാരുടെതിന് സമാനമായ അംഗചലനങ്ങളാണ് നടത്തിയിരുന്നത്. മനുഷ്യരോട് ഇടപഴകുന്നതും ഭയപ്പാടോടു കൂടിയാണ്.
നുഷ്യരെ കാണുേമ്പാള്‍ ഈ എട്ടു വയസ്സുകാരി പേടിയോടെ തുറിച്ചുനോക്കും. ആരെങ്കിലും അടുത്തുവന്നാല്‍ നഖം നീട്ടി ചീറിയടുക്കും. ഭക്ഷണം നക്കിയാണ് കഴിക്കുക. കാലുകള്‍ക്കൊപ്പം രണ്ടു കൈയും നിലത്തുകുത്തിയാണ് നടത്തം.കുരങ്ങുകള്‍ വളര്‍ത്തിയിരുന്ന കുട്ടിയെ എങ്ങനെ മനുഷ്യക്കുട്ടിയാക്കി മാറ്റുമെന്നറിയാതെ അന്തംവിടുകയാണ് ഡോക്ടര്‍മാര്‍.
കഴിഞ്ഞ ജനുവരിയിലാണ് വന്യജീവിസേങ്കതത്തില്‍ കുരങ്ങുകള്‍ക്കൊപ്പം കഴിയുന്ന കുട്ടിയെ നാട്ടുകാര്‍ കെണ്ടത്തിയത്. സ്വന്തം കുഞ്ഞിനെപ്പോലെയാണ് കുരങ്ങുകള്‍ അവളെ വളര്‍ത്തിയിരുന്നത്. കുട്ടിയാകട്ടെ കുരുങ്ങു കുടുംബത്തില്‍ കളിച്ചു ചിരിച്ചു ജീവിക്കുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് യാദവും സംഘവും കുട്ടിക്കരികിലെത്തി അവളെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുരങ്ങുകള്‍ ചീറിയടുത്തു. സ്വന്തം കുഞ്ഞിനെപ്പോലെ അവളെ മാറോട് ചേര്‍ത്തുപിടിച്ചു രക്ഷപ്പെടുത്താല്‍ ശ്രമിച്ചു.
ഏറെ പണിപ്പെട്ട് കുരങ്ങുകളില്‍ നിന്ന് കുട്ടിയെ മോചിപ്പിച്ച പോലീസ്
സമീപത്തെ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നേരത്തെ പലതവണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ഗ്രാമീണര്‍ ശ്രമം നടത്തിയെങ്കിലും കുരങ്ങന്മാര്‍ അവരെ അടിച്ചോടിക്കുകയായിരുന്നു. തുടക്കത്തില്‍ അക്രമാസക്തയായി പെരുമാറിയ പെണ്‍കുട്ടി, വാനരന്മാരെപൊലെ വിചിത്ര ശബ്ദങ്ങളാണുണ്ടാക്കിയിരുന്നത്.
കഴിക്കുന്ന ഭക്ഷണം പിച്ചിയെടുത്ത് നിലത്ത് വിതറുകയും കൈകൊണ്ടെടുക്കാതെ നേരിട്ട് വായ ഉപയോഗിച്ച് കഴിക്കുകയും ചെയ്തിരുന്നു. കൊണ്ടുവന്ന് ദിവസങ്ങള്‍ കഴിഞ്ഞതോടെ ചില ആശുപത്രി ജീവനക്കാരുമായി പെണ്‍കുട്ടിക്ക് പരിചയമായിട്ടുണ്ട്. എങ്കിലും മനുഷ്യ ഭാഷ സംസാരിക്കാന്‍ പെണ്‍കുട്ടിയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. പെണ്‍കുട്ടിയെ മനുഷ്യ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല