സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ വിദ്യാര്‍ഥികളുടെ ജാതി അച്ചടിച്ചത് വിവാദമാകുന്നു. ദളിത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ബാഗ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മാന്ദ്‌സൗറിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ പിജി കോളജില്‍ നല്‍കിയ ബാഗുകളിലാണ് എസ്.സി/എസ്.ടി എന്ന് പതിച്ചിരിക്കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ സ്‌കീം പ്രകാരം അറുനൂറോളം വരുന്ന ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളില്‍ 250 ഓളം പേര്‍ക്കാണ് ഈ ബാഗ് വിതരണം ചെയ്തിരിക്കുന്നത്. ബാഗിനൊപ്പം കാല്‍ക്കുലേറ്ററും പേനയും നോട്ട്ബുക്കും നല്‍കിയിരുന്നു.
അതേസമയം, ബാഗ് വിതരണം വിവാദമായെങ്കിലും അതിനെ ന്യായീകരിച്ചാണ് കോളജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരിക്കുന്നത്. ബാഗില്‍ എസ്‌സി/എസ്ടി എന്ന് രേഖപ്പെടുത്തിയതില്‍ എന്താണ് തെറ്റെന്നാണ് പ്രിന്‍സിപ്പല്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ ക്ഷേമ പദ്ധതി പ്രകാരമാണ് ബാഗുകള്‍ വിതരണം ചെയ്തത്.
ചിലര്‍ക്ക് ഇത് ഇഷ്ടമായില്ലെങ്കില്‍ അത് മായ്ക്കാന്‍ തയ്യാറാണെന്നും വിതരണക്കാരാണ് ജാതി ബാഗില്‍ അച്ചടിച്ചതെന്നും അവര്‍ പറയുന്നു. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് വിതരണം ചെയ്യുമ്പോള്‍ ജാതി അച്ചടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല