സ്വന്തം ലേഖകന്‍: സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മധ്യപ്രദേശ് മന്ത്രി വധുക്കള്‍ക്ക് നല്‍കിയത് ക്രിക്കറ്റ് ബാറ്റ്, തെമ്മാടികളായ ഭര്‍ത്താക്കന്മാര്‍ക്കായി കരുതിവെക്കാന്‍ ഉപദേശം. മധ്യ പ്രദേശ് സംസ്ഥാന പഞ്ചായത്തീരാജ്, ഗ്രാമവികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവയാണ് വ്യത്യസ്തമായ സമ്മാനവുമായി എത്തി വധൂവരന്മാരെ ഞെട്ടിച്ചത്. ഭര്‍ത്താക്കന്മാര്‍ മദ്യപിക്കുകയും ഉപദ്രവിക്കുകയും ചെയ്താല്‍ അവരെ അടിക്കണമെന്ന ഉപദേശവും മന്ത്രി നല്‍കി.
നാട്ടിന്‍പുറത്ത് തുണിയലക്കാന്‍ ഉപയോഗിക്കുന്ന, ക്രിക്കറ്റ് ബാറ്റിനോട് സാമ്യമുള്ള മരത്തിന്റെ മോഗ്രിയാണ് മന്ത്രി വധുക്കള്‍ക്ക് നല്‍കിയത്. അക്ഷയതൃതീയ ദിനത്തില്‍ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗാര്‍ഹകോട്ടയില്‍ നടന്ന 700 ഓളം പേര്‍ പങ്കെടുത്ത സമൂഹ വിവാഹത്തിലായിരുന്നു ഈ അപൂര്‍വ സമ്മാനദാനം. ഓരോ ബാറ്റിലും ‘കുടിയന്മാരെ അടിക്കാനുള്ള സമ്മാനം, പൊലീസ് ഇടപെടില്ല’ എന്ന് എഴുതിയിട്ടുണ്ട്.
‘കള്ളുകുടിയനായ ഭര്‍ത്താവിനെ നിലയ്ക്ക് നിര്‍ത്താന്‍ ഞാനയാളെ എന്തുചെയ്യണം തുണിയലക്കുന്ന ബാറ്റുകൊണ്ട് അടിക്കണോ എന്ന ഒരു സ്ത്രീയുടെ ചോദ്യമാണ് എന്നെ സമൂഹവിവാഹത്തില്‍ ബാറ്റ് സമ്മാനിക്കാന്‍ പ്രേരിപ്പിച്ചത്,’ മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തിലെ ഗ്രാമീണ, നഗര മേഖലകളിലെ സ്ത്രീകളില്‍ നിന്ന് ഒരുപോലെ കിട്ടിയിരുന്ന പരാതിയാണ് അവരുടെ ഭര്‍ത്താക്കന്മാരുടെ മദ്യപാനശീലം എന്നും ഭാര്‍ഗവ പറയുന്നു.
മദ്യപിക്കാനായി തങ്ങളുടെ വരുമാനം പോലും അവര്‍ തട്ടിയെടുക്കുമെന്നും സ്ത്രീകള്‍ പരാതിപ്പെടുന്നു. ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ് മിക്കവാറും സ്ത്രീകളും എന്നും ഭാര്‍ഗവ പറഞ്ഞു. ‘പൊലീസിനും ഗവണ്മെന്റിനും തനിച്ച് ഈപ്രശ്‌നത്തെ നേരിടാന്‍ കഴിയില്ല, പരിമിതികളുണ്ട്. ഇതിനെതിരെ ജനങ്ങള്‍ തന്നെയാണ് മുന്നോട്ടുവരേണ്ടത്. ജനങ്ങള്‍ ഇടപെടുമ്പോള്‍ മാത്രം മാറുന്ന ചില സംഗതികള്‍ സമൂഹത്തിലുണ്ട്,’ എന്നും മന്ത്രി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല