സ്വന്തം ലേഖകന്‍: വൈകിയെത്തിയ ആന്ധ്രാ എംപിയെ വിമാനത്തില്‍ കയറ്റിയില്ല, എംപി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ കരണം പുകച്ചു. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വൈകിയെത്തിയ എം പി വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്തതിന്റെ ദേഷ്യം തീര്‍ക്കാനായി ഉദ്യോഗസ്ഥനെ അടിക്കുകയായിരുന്നു. വൈ എസ് ആര് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമാണ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വിമാനം പുറപ്പെടുന്നതിന് 20 25 മിനുട്ട് മുമ്പ് മാത്രമാണ് എം പി തിരുപ്പതി വിമാനത്താവളത്തില്‍ എത്തിയത്. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ എം പിയെയും കൂട്ടരെയും അകത്തുകടക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ആഭ്യന്തര വിമാനങ്ങള്‍ പുറപ്പെടുന്നതിന് 45 മിനുട്ട് മുമ്പ് ചെക്കിംഗ് പൂര്‍ത്തിയാക്കി ബോര്‍ഡിങ് കൗണ്ടറുകള്‍ അടക്കണമെന്നാണ് നിയമം. ഇക്കാരണം കൊണ്ടാണ് ഉദ്യോഗസ്ഥര്‍ എം പിയെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത്.
രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ എം പി, തന്നെയും ബന്ധുക്കളെയും കൂടി വിമാനത്തില്‍ കയറ്റണമെന്ന് സ്റ്റേഷന് മാനേജരോട് ആവശ്യപ്പെട്ടു. എന്നാല്‍ സമയം കഴിഞ്ഞു എന്നും എം പിയുടെ ആവശ്യം അനുവദിക്കാനാവില്ല എന്നും ഉദ്യോഗസ്ഥന് ഖേദപൂര്‍വ്വം അറിയിച്ചു. എന്നാല്‍ പൊടുന്നനെ എം പി സ്റ്റേഷന് മാസ്റ്ററെ അടിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും എം പിക്കെതിരെ പരാതി നല്കാന് സ്റ്റേഷന് മാസ്റ്റര്‍ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല