സ്വന്തം ലേഖകൻ: ഏറെ പ്രതീക്ഷയോടെ ഇന്നലെ പതിനായിരങ്ങളുടെ കാത്തിരിപ്പ് വെറുതെയായി. സാധാരണ ഗതിയില്‍ ഒരു ലക്ഷം പേര് മാത്രം ഒപ്പു വച്ചാല്‍ ചര്‍ച്ചയ്ക്ക് എടുക്കുന്ന പരാതി ഇത്തവണ വെറും 52000 പേരുടെ ഒപ്പോടു കൂടി പാര്‍ട്ടി എംപിമാര്‍ തന്നെ ചര്‍ച്ചയ്ക്ക് എത്തിച്ചപ്പോള്‍ അസാധാരണമായ പ്രതീക്ഷകളും ഉയരുകയായിരുന്നു. ഒപ്പം ന്യൂസിലാന്‍ഡും കാനഡയും ഒക്കെ ആരോഗ്യ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാന്‍ രണ്ടു വര്‍ഷമായി കാലാവധി കുറച്ച നിലയ്ക്ക് ബ്രിട്ടനും ആ വഴി തന്നെ നീങ്ങിയേക്കും എന്നതായിരുന്നു ഇന്നലെ പൊതുവേയുണ്ടായ പ്രതീക്ഷ.
പ്രത്യേകിച്ചും ബ്രിട്ടനില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ വളരെ വേഗത്തില്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത എന്‍എച്എസിന്റേയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ എത്തിയ നിലയ്ക്ക് അതിനെ തടയിടാന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന ചിന്തയും ഇപ്പോള്‍ ശക്തമാണ്. എന്നാല്‍ പാര്‍ലമെന്റില്‍ പി ആര്‍ കാലാവധി കുറയ്ക്കാനുള്ള പരാതിയില്‍ വിഷയാവതരണം നടത്തിയ ടോണി വോഗന്‍ എംപി വളരെ വൈകാരികമായി കാര്യം അവതരിപ്പിച്ചെങ്കിലും കുടിയേറ്റ, പൗരത്വ മന്ത്രി സീമ മല്‍ഹോത്രയുടെ ഒറ്റ മറുപടിയില്‍ അടുത്തിടെയെത്തിയ മുഴുവന്‍ കുടിയേറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രതീക്ഷകൾ അസ്തമിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല മറ്റു രംഗങ്ങളിലും ജോലി ചെയുന്ന അനേകായിരങ്ങള്‍ യുകെയില്‍ എത്തിയിട്ടുള്ളതിനാല്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കണം എന്നായിരുന്നു മന്ത്രിയുടെ തത്വത്തില്‍ ഉള്ള മറുപടി. അഞ്ചു വര്‍ഷത്തില്‍ നിന്നും പി ആര്‍ കാലാവധി രണ്ടു വര്‍ഷം ആക്കണമെന്ന പരാതി സര്‍ക്കാര്‍ ദയാപൂര്‍വം പരിഗണിക്കണം എന്ന് എംപി ടോണി വോഗന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും മുന്‍പും ഇത്തരം പരാതികളില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ ഏകപക്ഷീയ നിലപാട് തന്നെ തുടരുക ആയിരുന്നു.
പരാതിയുടെ വൈകാരിക തലങ്ങളെ സ്പര്‍ശിക്കാതെ തികച്ചും യാന്ത്രികമായ മറുപടിയാണ് മന്ത്രി സീമ മല്‍ഹോത്ര നല്‍കിയത്. കോവിഡിന് ശേഷം ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളെ ലഭിക്കാനും പിടിച്ചു നിര്‍ത്താനും ആഗോള മത്സരം നടക്കുന്ന കാലത്തു ബ്രിട്ടനും കാലത്തിനൊപ്പം മാറണം എന്ന ചിന്തയിലേക്ക് കടക്കാനൊന്നും നിലവില്‍ ബ്രിട്ടന്‍ തയാറല്ല എന്ന സൂചനയും സീമയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു.
മാത്രമല്ല കുടിയേറ്റ വിരുദ്ധ വോട്ടുകള്‍ സമാഹരിച്ചു അധികാരത്തില്‍ ഏറിയ ഒരു സര്‍ക്കാരിന് കേവലം മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ വെള്ളം ചേര്‍ത്ത് എന്ന ആരോപണം നേരിടേണ്ടി വരും എന്ന രാഷ്ട്രീയ സാഹചര്യവും പരിഗണിച്ചാണ് സീമ മല്‍ഹോത്ര സര്‍ക്കാരിന് വേണ്ടി സംസാരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല