സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം അധ്യാപകര്‍ക്കും നഴ്സുമാര്‍ക്കും 2.8 ശതമാനം മാത്രം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച സര്‍ക്കാര്‍ പക്ഷെ എംപിമാരുടെ കാര്യത്തില്‍ ഉദാരമായ സമീപനമാണ് പുലര്‍ത്തുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പള വര്‍ദ്ധനവ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നിരവധി യൂണിയനുകള്‍ സമര ഭീഷണിയുമായി രംഗത്തുള്ള സാഹചര്യത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. എം പിമാര്‍ക്ക് 4.2 ശതമാനം ശമ്പള വര്‍ദ്ധന നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ നടപടിയാണ് ഉദ്യോഗസ്ഥരെയും യൂണിയനുകളെയും പ്രകോപിതരാക്കിയിരിക്കുന്നത്.
ഈ വര്‍ഷം 5.5 ശതമാനം വര്‍ദ്ധനവ് വന്നതോടെ നിലവില്‍ എം പിമാരുടെ ശമ്പളം 91,346 പൗണ്ട് ആണ്. ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി (ഇപ്സ) യുടെ വിശകലനത്തിന് ശേഷമായിരിക്കും ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുക. കഴിഞ്ഞവര്‍ഷം 7.1 ശതമാനം വര്‍ദ്ധന നിര്‍ദ്ദേശിച്ചിരുന്നത് കുറച്ചത് ഇപ്സയുടെ വിശകലനത്തിന് ശേഷമായിരുന്നു. ഓരോ പുതിയ പാര്‍ലമെന്റ് നിലവില്‍ വരുമ്പോഴും ഇപ്സ എം പിമാരുടെ വേതനവുമായി ബന്ധപ്പെട്ട് വ്യാപകമായ പുനപരിശോധന നടത്തേണ്ടതുണ്ട്. അതുകഴിഞ്ഞു മാത്രമെ അവസാന തീരുമാനം ഉണ്ടാവുകയുള്ളു. അത് നടത്തുവാന്‍ ജൂലായ് വരെ സമയവുമുണ്ട്.
ജനപ്രതിനിധി സഭ തീരുമാനിക്കുന്ന വര്‍ദ്ധനവ് തന്നെയായിരിക്കും പ്രഭു സഭയും പിന്തുടരുക. എന്നാല്‍, പൊതു മേഖലയിലും മറ്റിടങ്ങളിലുമുള്ള വര്‍ദ്ധനവിനേക്കാള്‍ കൂടുതല്‍ വര്‍ദ്ധനവ് എം പിമാരുടെ കാര്യത്തില്‍ ഉണ്ടായാല്‍ അത് യൂണിയനുകളുമായുള്ള സംഘര്‍ഷം കടുപ്പിക്കും എന്നതില്‍ സംശയമില്ല. ഈ വര്‍ഷം 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയില്‍ വര്‍ദ്ധനവ് ലഭിച്ച പൊതുമേഖലാ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ വര്‍ഷം 2.8 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല