സ്വന്തം ലേഖകന്‍: ലോക സുന്ദരന്‍ പട്ടം ഇന്ത്യക്കാരന്, ചരിത്ര നേട്ടവുമായി ഹൈദരാബാദില്‍ നിന്നുള്ള രോഹിത് ഖണ്ഡേല്‍വാള്‍. 2016 ലെ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കിയാണ് ഇന്ത്യയുടെ രോഹിത് ഖണ്ഡേല്‍വാള്‍ ചരിത്രമായത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ലോക സൗന്ദര്യ പട്ടം സ്വന്തമാക്കുന്നത്. ബ്രിട്ടണിലെ സൗത്ത്‌പോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 46 മത്സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്.
2014ലെ മിസ്റ്റര്‍ വേള്‍ഡായ നിക്‌ളാസ് പെഡേഴ്‌സനാണ് വിജയിക്കുള്ള പട്ടം ഇരുപത്തിയാറുകാരനായ രോഹിതിനു നല്കിയത്. 50,000 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 33 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക. ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ഡിസൈനറായ നിവേദിത സാബു രൂപകല്പന ചെയ്ത വസ്ത്രമണിഞ്ഞാണ് രോഹിത് പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത്.
ലോക സൗന്ദര്യ പട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണ്. ഈ നേട്ടത്തിലേക്കുള്ള പാതയില്‍ സഹായിച്ച മിസ് ഇന്ത്യ ഓര്‍ഗനൈസേഷനും പിന്തുണ നല്കിയ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നതായും രോഹിത് പ്രസ്താവനയിലൂടെ അറിയിച്ചു.
മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കയില്‍നിന്നുള്ള ഫെര്‍ണാണ്ടോ ആല്‍വറെസ് (21) രണ്ടാം സ്ഥാനവും മെക്‌സിക്കോയുടെ ആല്‍ഡോ എസ്പാര്‍സ റാമിറസ് (26) മൂന്നാം സ്ഥാനവും നേടി. 2013ലെ ലോക സുന്ദരിയും ഫിലിപ്പീനോ സൂപ്പര്‍ സ്റ്റാറുമായ മെഗാന്‍ യോംഗ്, ഗായകനും മുന്‍ മിസ്റ്റര്‍ ഇംഗ്ലണ്ട് ജോര്‍ദാന്‍ വില്യംസ്, കാനഡയില്‍നിന്നുള്ള ഫ്രാങ്കി സെന എന്നിവരാണ് മത്സരം നിയന്ത്രിച്ചത്.
മിസ്റ്റര്‍ വേള്‍ഡ് മള്‍ട്ടിമീഡിയ അവാര്‍ഡ്, മിസ്റ്റര്‍ വേള്‍ഡ് ടാലന്റ്, മോബ്സ്റ്റാര്‍ പീപ്പിള്‍സ് ചോയിസ് അവാര്‍ഡ്, മിസ്റ്റര്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് ഇവന്റ് എന്നീ നാലു വ്യത്യസ്ത ഉപ മത്സരങ്ങളിലും രോഹിത് ആയിരുന്നു വിജയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല