സ്വന്തം ലേഖകന്‍: പാക് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സഹായംതേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സാമ്പത്തിക സഹായം തേടി പാകിസ്താന്‍ നേരത്തെതന്നെ ഐ.എം.എഫിനെ സമീപിച്ചിരുന്നു. എന്നാല്‍, ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അടക്കമുള്ള പദ്ധതികളില്‍ സുതാര്യത വേണമെന്നത് അടക്കമുള്ള നിബന്ധനകളാണ് ഐ.എം.എഫ് മുന്നോട്ടുവച്ചിട്ടുള്ളത്.
1300 കോടി അമേരിക്കന്‍ ഡോളറിന്റെ സഹായം മൂന്ന് രാജ്യങ്ങളില്‍നിന്നും തേടാനാണ് പാകിസ്താന്‍ ഒരുങ്ങുന്നതെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇമ്രാന്‍ ഖാന്‍ അടുത്ത തിങ്കളാഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കും. ഒക്ടോബര്‍ 28 ന് മലേഷ്യയിലേക്കും നവംബര്‍ മൂന്നിന് ചൈനയിലേക്കും പോകാനാണ് അദ്ദേഹം ഒരുങ്ങുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങള്‍ ഇമ്രാന്‍ ഖാന്‍ മൂന്ന് രാജ്യങ്ങളിലെയും ഭരണാധികാരികളോട് വെളിപ്പെടുത്തുമെന്ന് പാക് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കടക്കെണിയില്‍നിന്നും കരകയറാന്‍ 1200 മുതല്‍ 1300 അമേരിക്കന്‍ ഡോളര്‍ വരെ വിദേശ സഹായം വേണ്ടിവരുമെന്നാണ് പാകിസ്താന്‍ വിലയിരുത്തുന്നത്.
മൂന്ന് രാജ്യങ്ങളില്‍നിന്നും സഹായം ലഭിച്ചാല്‍ ഐ.എം.എഫിന്റെ സഹായം വേണ്ടെന്നുവെക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കറാച്ചിക്കും പെഷവാറിനും മധ്യേ തീവണ്ടിപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി പാകിസ്താന്‍ ഉപേക്ഷിച്ചിരുന്നു. ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിരുന്നു ഈ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല