മഹേന്ദ്ര സിങ് ധോണിയുടെ ബിസിനസ് ബന്ധങ്ങള്‍ ബിസിസിഐ അന്വേഷിക്കുന്നു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ റിഥിയില്‍ ധോണിക്ക് ഓഹരിയുണ്ടെന്ന ആരോപണമാണ് പ്രധാനമായും ബിസിസിഐ അന്വേഷിക്കുന്നത്. ആരോപണം അന്വേഷിക്കാന്‍ 2013 ജൂലൈയില്‍ ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ് കമ്മറ്റി യോഗം തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇത് നടപ്പില്‍ വരുത്തുന്നത്. ബിസിസിഐയില്‍വന്ന നേതൃമാറ്റമാണ് അന്വേഷണം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് വഴിവെച്ചിരിക്കുന്നത് എന്നാണ് മാധ്യമ വിലയിരുത്തലുകള്‍.
ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്ക് മറ്റ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനികളുമായി ഇടപാടുണ്ടാകരുതെന്നാണ് വ്യവസ്ഥ. ഇത് കര്‍ശനമായി പാലിക്കണമെന്ന നിലപാടിലാണ് ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ. അതേസമയം ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ വരുമോ എന്ന കാര്യം വ്യക്തമല്ല.
റിഥിയില്‍ ധോണിക്ക് 15 ശതമാനം ഓഹരിയുണ്ടെന്ന് സ്ഥാപനത്തിന്റെ ഉടമയും ധോണിയുടെ അടുത്ത സുഹൃത്തുമായ അരുണ്‍ പാണ്ഡെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ റിഥി നിലപാട് മാറ്റി. ധോണി നായകനായ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പിലും റിഥിക്ക് പങ്കാളിത്തമുണ്ട്. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, എന്നീ താരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പും റിഥിക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല