സ്വന്തം ലേഖകന്‍: മതവികാരം വ്രണപ്പെടുത്തല്‍ കേസ്, എംഎസ് ധോണിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്കി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അനന്ത്പൂര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബിസിനസ് ടുഡേ മാഗസിന് കവര്‍ ചിത്രത്തില്‍ ധോണി ദൈവത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് കേസിന് കാരണമായത്.
അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങിയ പരമ്പര കളിക്കാനായി ഓസ്ട്രേലിയയിലാണ് ധോണി ഇപ്പോള്‍. ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണിയാണ് ടീമിനെ നയിക്കുന്നത്. എന്തായാലും ധോണിക്ക് പരമ്പര നിര്‍ത്തിവെച്ച് മടങ്ങേണ്ടിവരില്ല. കോടതിയില്‍ ഹാജരാകാനായി ധോണിക്ക് ഫെബ്രുവരി 25 വരെ സമയമുണ്ട്. ജനുവരി 12ന് തുടങ്ങുന്ന പരമ്പര ജനുവരി
31ന് തീരും.
സാമൂഹ്യ പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്താണ് ധോണി മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് അനന്ത്പൂര്‍ കോടതിയില്‍ പരാതി നല്‍കിയത്. പെപ്സി, ലേസ്, ബൂസ്റ്റ്, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ കൈകളില്‍ പിടിച്ച് പത്ത് കരങ്ങളുളള മഹാവിഷ്ണുവിന്റെ രൂപത്തിലായിരുന്നു ധോണി മാഗസിന് കവര്‍ ചിത്രമായി പ്രത്യരക്ഷപ്പെട്ടത്. 2103 ഏപ്രിലില്‍ ആയിരുന്നു സംഭവം.
സെലിബ്രിറ്റികള്‍ ഉത്തരവാദിത്തം കൂടാതെ പരസ്യങ്ങളില്‍ ഒപ്പുവെക്കുകയാണ് എന്ന് കര്‍ണാടക ഹൈക്കോടതി ഇത് സംബന്ധിച്ച വാദം കേള്‍ക്കവേ നിരീക്ഷിച്ചിരുന്നു. വേഗത്തില്‍ പണം സമ്പാദിക്കാനാണ് അവരുടെ ശ്രമം. ഇത് കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ മനസിലാക്കുന്നില്ല. ധോണിയെപ്പോലുള്ള ഒരു സെലിബ്രിറ്റി ക്രിക്കറ്റ് താരം ഇക്കാര്യത്തില്‍ കുറച്ചുകൂടി ബോധവാനാകേണ്ടതായിരുന്നു എന്നും കോടതി പറഞ്ഞിരുന്നു.
ധോണി കോടതിയില്‍ ഹാജരാകണമെന്ന കീഴ്ക്കോടതിയുടെ ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതിക്കെതിരെ ധോണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല