1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

ചാംപ്യന്‍സ് ലീഗ് ടി20യില്‍ തോല്‍വി അറിയാതെ കുതിച്ച മുംബൈ ഇന്ത്യന്‍സിന് ന്യൂസൗത്ത് വെയ്ല്‍സിന്‍റെ ഇരുട്ടടി. എ ഗ്രൂപ്പില്‍ ജയവും സെമിസ്ഥാനവും ഉറപ്പിക്കാന്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ മുംബൈയെ അഞ്ച് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയന്‍ ടീം. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച മുംബൈയുടെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 4 മത്സരങ്ങളില്‍ നിന്ന് ലഭിച്ച 5 പോയിന്‍റാണ് ഇപ്പോള്‍ മുംബൈയുടെ സമ്പാദ്യം. അതേസമയം 3 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ന്യൂസൗത്ത് വെയ്ല്‍സിന് നാല് പോയിന്‍റുണ്ട്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് ഒരിക്കല്‍പ്പോലും താളം കണ്ടെത്താനായില്ല. ഇതോടെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കഷ്ടിച്ച് 100 റണ്‍സിലെത്താനേ അവര്‍ക്കായുള്ളൂ. ബാറ്റ്സ്മാന്‍മാരുടെ പിഴവ് പരിഹരിക്കാന്‍ ഉറച്ചിറങ്ങിയ ബൗളര്‍മാര്‍ ഒരു ഘട്ടത്തില്‍ അവരെ ജയത്തിലേക്ക് നയിക്കുമെന്നു പോലും തോന്നിപ്പിച്ചു.

ഏഴ് ഓവറുകളില്‍ ന്യൂസൗത്ത് വെയില്‍സിന്‍റെ അഞ്ച് വിക്കറ്റ് വെറും 28 റണ്‍സ് ബോര്‍ഡിലെത്തുന്നതിനുള്ളില്‍ വീഴ്ത്തി അവര്‍. പക്ഷേ, അവിടെ ഒന്നിച്ച സ്റ്റീവന്‍ സ്മിത്തും (47 പന്തില്‍ 45) ബെന്‍ റോററും (28 പന്തില്‍ 26) ടീമി നെ 17 ഓവറില്‍ 101 റണ്‍സിലെത്തിച്ചു.

23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത പേസ് ബൗളര്‍ അബു നെചിം അഹമ്മദും, ഓരോ വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയും യുസ്വേന്ദ്ര ചഹലും മുംബൈയ്ക്കായി പൊരുതി. 51 പന്തില്‍ 42 റണ്‍സ് നേടിയ ജെയിംസ് ഫ്രാങ്ക്ളിനാണ് മുംബൈയുടെ ടോപ് സ്കോറര്‍. ന്യൂസൗത്ത് വെയ്ല്‍സിനായി സ്റ്റീവ് ഒകീഫെയും സ്റ്റുവര്‍ട്ട് ക്ലാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഷെയ്ന്‍ വാട്സണ്‍ (3), ഡേവിഡ് വാര്‍നര്‍ (12), ഡാനിയെല്‍ സ്മിത്ത് (8), സൈമണ്‍ കാറ്റിച്ച് (0), മൊയ്സസ് ഹെന്‍റിക്സ് (0) എന്നീ ഓസീസ് താരങ്ങള്‍ തുടരെ പവലിയനിലെത്തിയതോടെ മുംബൈ ആരാധകര്‍ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് മുംബൈയ്ക്ക് യാതൊരവസരവും നല്‍കാതെ മുന്നേറുകയായിരുന്നു സ്മിത്തും റോററും.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി ഫ്രാങ്ക്ളിനെ കൂടാതെ ഹര്‍ഭജന്‍ സിങ്ങും (15) ആര്‍. സതീഷും (14) മാത്രമാണ് രണ്ടക്കം കണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.