സ്വന്തം ലേഖകന്‍: ക്ലോക്ക് ഉണ്ടാക്കിയപ്പോള്‍ ബോംബ് നിര്‍മ്മിച്ചെന്ന് ആരോപിച്ച് പിടിയിലായ അമേരിക്കന്‍ ബാലന്‍ അഹമ്മദ് ഖത്തറിലേക്ക്.
പഠനത്തിനായാണ് അഹമ്മദ് കുടുംബ സമേതം താമസം ഖത്തറിലേക്ക് മാറ്റുന്നത്. അഹമ്മദ് മുഹമ്മദിന് ഖത്തര്‍ ഫൗണ്ടേഷന്റെ യങ് ഇന്നവേറ്റേഴ്‌സ് സ്‌കോളര്‍ഷിപ് ലഭിച്ചതോടെയാണ് ഖത്തറില്‍ പഠിക്കാന്‍ അവസരമൊരുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈറ്റ്ഹൗസ് സംഘടിപ്പിച്ച ശാസ്ത്രപരിപാടിയില്‍ പങ്കെടുത്ത അഹമ്മദ്, പ്രസിഡന്റ് ബറാക് ഒബാമയെ സ്‌കോളര്‍ഷിപ് ലഭിച്ച വിവരവും അറിയിച്ചു.
ഡാലസിലെ മാക് ആര്‍തര്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായ അഹമ്മദ് താനുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കുന്നതിനാണു സ്‌കൂളില്‍ കൊണ്ടുവന്നത്. ബോംബല്ല, ക്ലോക്കാണെന്ന് ആവര്‍ത്തിച്ചിട്ടും അധ്യാപകരോ പൊലീസോ കേട്ടില്ല. ക്ലോക്ക് പരിശോധിക്കുകപോലും ചെയ്യാതെയാണ് ടെക്‌സാസ് പൊലീസ് കൈയാമംവച്ച് കൊണ്ടുപോയത്. മൂന്നുദിവസത്തേക്ക് സ്‌കൂളില്‍ നിന്നു പുറത്താക്കി.
അറസ്റ്റ് വിവാദമായതോടെ പ്രസിഡന്റ് ബറാക് ഒബാമ, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഹിലറി ക്ലിന്റന്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരും അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും അഹമ്മദിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച ഒബാമ പൊലീസ് നടപടിയില്‍ ഖേദം പ്രകടിപ്പിച്ചു.
പിന്നീട് സ്‌കൂള്‍ അധികൃതരും പൊലീസും തുടര്‍ നടപടികള്‍ ഉപേക്ഷിച്ച് ക്ഷമാപണം നടത്തി. എന്നാല്‍ മകനെ തുടര്‍ന്നും ഇതേ സ്‌കൂളില്‍ പഠിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് അഹമ്മദിന്റെ പിതാവ് മുഹമ്മദ് എല്‍ഹസന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ഇവര്‍ സുഡാന്‍ വംശജരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല