സ്വന്തം ലേഖകന്‍: അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മസ്തിഷ്കത്തെച്ചൊല്ലി വിവാദം, പഠനത്തിനായി നല്‍കില്ലെന്ന് ബന്ധുക്കള്‍. അലിയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ. അബെ ലിബെര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലിയുടെ മസ്തിഷ്കം പഠനത്തിനായി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അലിയുടെ പാര്‍ക്കിന്‍സണ്‍സ് രോഗബാധ ആദ്യം തിരിച്ചറിഞ്ഞ മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുന്ന ഡോക്ടറാണ് ലിബെര്‍മാന്‍. 1980 ല്‍ ലാറി ഹോംസുമായി നടന്ന മത്സരത്തിനിടെ അലിയുടെ തലക്കേറ്റ ക്ഷതം അദ്ദേഹത്തിന്റെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമായിട്ടുണ്ടോ എന്ന് സംശയം ഉയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് അദ്ദേഹത്തിന്റെ മസ്തിഷ്കം നീക്കം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഹോംസ് തലക്ക് ഇടിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹവുമായി മത്സരിക്കില്ലായിരുന്നെന്ന് അലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം തന്റെ ബോക്സിംഗ് കരിയര്‍ മൂലമാണ് അസുഖം ബാധിച്ചതെന്ന് അലി ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ഡോ. ലിബെര്‍മാന്‍ പറഞ്ഞു. കടുത്ത ഇസ്ലാം മത വിശ്വാസി എന്ന നിലയില്‍ രോഗം ദൈവവിധിയാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല