സ്വന്തം ലേഖകന്‍: ജനസാഗരം ഇരമ്പിയെത്തി, കെന്റക്കിയിലെ പിറന്ന മണ്ണില്‍ മുഹമ്മദ് അലിക്ക് അന്ത്യ വിശ്രമം. കഴിഞ്ഞയാഴ്ച അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ കബറടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്മനാടായ കെന്റക്കിയിലെ ലൂയീവില്ലില്‍ നടന്നു.
വിലാപയാത്ര കടന്നുപോയ വീഥിക്കിരുവശവും ആയിരങ്ങളാണ് പ്രണാമമര്‍പ്പിക്കാനായി തടിച്ചുകൂടിയത്. വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ ആരാധകര്‍ പുഷ്പദലങ്ങള്‍ വിതറി. അലിയുടെ ഒമ്പതു മക്കളും ഭാര്യയും രണ്ടു മുന്‍ഭാര്യമാരും മൈക്ക് ടൈസന്‍, വില്‍സ്മിത്ത് തുടങ്ങിയവരും വിലാപയാത്രയില്‍ പങ്കെടുത്തു.
സ്വകാര്യ സെമിത്തേരിയിലായിരുന്നു കബറടക്കം. സ്മാരകശിലയില്‍ അലി എന്നു മാത്രമാണു രേഖപ്പെടുത്തിയത്. അന്ത്യവിശ്രമസ്ഥലമായി ലൂയിവില്‍ സെമിത്തേരി ഒരു ദശകത്തിനുമുമ്പേ അലി സ്വയം തെരഞ്ഞെടുത്തിരുന്നു. കെന്റക്കി ഫ്രൈഡ് ചിക്കന്‍ കമ്പനി സ്ഥാപകന്‍ കേണല്‍ ഹാര്‍ലന്‍ഡ് സാന്‍ഡേഴ്‌സ് ഉള്‍പ്പെടെ 130,000 പേരുടെ കല്ലറകള്‍ ഈ സെമിത്തേരിയിലുണ്ട്.
കബറടക്കത്തിനുശേഷം നടത്തിയ അനുസ്മരണച്ചടങ്ങില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഹാസ്യതാരം ബില്ലി ക്രിസ്റ്റല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 15000ത്തില്‍ അധികം പേര്‍ പങ്കെടുത്തു. മകള്‍ മാലിയയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനുണ്ടായിരുന്നതിനാല്‍ പ്രസിഡന്റ് ഒബാമ കബറടക്കത്തിനെത്തിയില്ല. വ്യാഴാഴ്ച നടത്തിയ പ്രാര്‍ഥനാച്ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആറായിരത്തിലധികം പേര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല