സ്വന്തം ലേഖകന്‍: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു, വിടവാങ്ങിയത് ഇടിക്കൂട്ടിലെ കറുത്തമുത്ത്. 74 വയസായിരുന്ന അലി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫിനിക്‌സിനടുത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുമ്പ് അണുബാധയും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് പല തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനാണ് അലി.
അമേരിക്കയിലെ കെന്റകിയിലുള്ള ലുയിസ് വില്ലിയില്‍ 1942 ജനുവരി 17നാണ് മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് 1964 ലാണ് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍ എന്ന പേര് മുഹമ്മദ് അലി എന്നാക്കിയത്. പരസ്യ ബോര്‍ഡ് എഴുത്തുകാരന്‍ കാഷ്യസ് മാര്‍സലസ് ക്ലേ സീനിയര്‍, ഒഡേസ ഗ്രേഡി ക്ലേ ദമ്പതികളുടെ മകനാണ്.
അവിചാരിതമായിട്ടാണ് അലി ബോക്‌സിങ് റിങ്ങില്‍ എത്തിപ്പെട്ടത്. 1954 ഒക്ടോബറില്‍ 12 വയസുള്ള അലി തന്റെ സൈകിളില്‍ സുഹൃത്തുമൊന്നിച്ച് കൊളംബിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലുയിസ് വില്ലി ഹോം ഷോ എന്ന പ്രദര്‍ശനം കാണാന്‍ പുറപ്പെട്ടു. പ്രദര്‍ശന ഹാളില്‍ കറങ്ങി നടന്നു പുറത്തെത്തിയപ്പോള്‍ അലിയുടെ സൈക്കിള്‍ കാണാനില്ല. പൊലീസുകാരനായ ജോ മാര്‍ട്ടിന്‍ അവിടെ അടുത്തുള്ള ജിംനേഷ്യത്തില്‍ ബോക്‌സിങ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു കൊടുത്തതനുസരിച്ച് അലി പരാതിയുമായി മാര്‍ട്ടിനെ സമീപിച്ചു.
എന്നാല്‍, ക്ലേയുടെ കാണാതെ പോയ സൈക്കിള്‍ മാര്‍ട്ടിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, ജിംനേഷ്യത്തില്‍ ചേര്‍ന്ന് ബോക്‌സിങ് പരിശീലിക്കാന്‍ അലിയെ മാര്‍ട്ടിന്‍ പ്രേരിപ്പിച്ചു. പരിശീലനം തുടങ്ങിയ അലി താമസിയാതെ തന്റെ ലോകം ബോക്‌സിങ്ങില്‍ ആണെന്ന് തിരിച്ചറിഞ്ഞു. പരിശീലനം ആരംഭിച്ചു ആറാഴ്ച പിന്നിട്ടപ്പോള്‍ അലി ബോക്‌സിങ് റിങ്ങില്‍ ആദ്യ ജയം നേടി. പതിനെട്ടാം വയസില്‍ തന്നെ കാഷ്യസ് ക്ലേ എന്ന പേര് 108 അമച്വര്‍ ബോക്‌സിങ് വൃത്തങ്ങളില്‍ കേട്ടുതുടങ്ങിയിരിന്നു.
1960 ല്‍ മുഹമ്മദ് അലി റോം ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്‌സില്‍ എതിരാളികളെ നിലം പരിശാക്കി അലി അനായാസം ഫൈനലിലെത്തി. മൂന്നു തവണ യുറോപ്യന്‍ ചാമ്പ്യനും 1956 ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കിയെ മൂന്നാമത്തെ റൗണ്ടില്‍ ഇടിച്ചിട്ട അലി ചരിത്രമായി.
പിതാവിന്റെ പാത പിന്തുടര്‍ന്ന് മകള്‍ ലൈലാ അലിയും വനിതാ ബോക്‌സിങ് ചാമ്പ്യനായി.
ക്ലേയുടെ കുട്ടിക്കാലത്ത് അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. ‘വെള്ളക്കാര്‍ക്ക് മാത്രം’ എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസിലും വര്‍ണ വിവേചനം മുറിവുകള്‍ സൃഷ്ടിച്ചു. ഇടിക്കൂട്ടിലെ കറുത്ത കൊടുങ്കാറ്റിനെ രൂപപ്പെടുത്തിയത് കയ്‌പേറിയ ഈ ജീവിതാനുഭവങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല