സ്വന്തം ലേഖകന്‍: അണ്ടര്‍ 22 ടീമില്‍ ഇടം നേടാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. ഷമി പ്രായത്തട്ടിപ്പ് നടത്തിയെന്നും, ബംഗാളിന്റെ അണ്ടര്‍ 22 ടീമില്‍ ഇടം നേടാന്‍ വേണ്ടി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു. ഇത്രയും നാള്‍ ബിസിസിഐയേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനേയും കബളിപ്പിക്കുകയായിരുന്നുവെന്നും ഹസിന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഷമിയുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ചിത്രം ഹസിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതനുസരിച്ച് 1982ലാണ് ഷമി ജനിച്ചത്. എന്നാല്‍ നിലവില്‍ പറയപ്പെടുന്നതനുസരിച്ച് ഷമിയുടെ പ്രായം 28 മാത്രമാണ്. എട്ട് വയസ് വ്യത്യാസമാണ് താരത്തിന്റെ ശരിക്കുള്ള പ്രായവും ഇപ്പോള്‍ പറയപ്പെടുന്ന പ്രായവും തമ്മില്‍ ഉള്ളതെന്ന് ജഹാന്‍ പറയുന്നു. എന്നാല്‍ അവരുടെ ആരോപണങ്ങളോട് ഷമിയോ ബിസിസിഐയോ ഇതേ വരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷമിക്ക് കളിയില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ബോളിംഗ് പരിശീലകന്‍ ജെയിംസ് ഹോപ്‌സ് പറഞ്ഞിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഇത് വരെ നാല് മത്സരങ്ങളില്‍ മാത്രം കളിച്ച ഷമിക്ക് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല